ബജറ്റ് 60 കോടി, എട്ട് വര്‍ഷത്തെ പ്രയത്നം, ഒടുവില്‍ ആ മലയാള സൂപ്പര്‍താര ചിത്രം തിയറ്ററുകളിലേക്ക്..

ഏറെ കാലമായി സിനിമ സ്വപ്നം കണ്ട്, അതിന് വേണ്ടി പ്രയത്നിച്ച്‌, ഒടുവില്‍ ആ ചിത്രം റിലീസ് ചെയ്യുക എന്നത് ഓരോ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഒക്കെ സ്വപ്നമാണ്.അത്തരത്തില്‍ വർഷങ്ങളുടെ തയ്യൊറെടുപ്പിന് ഒടുവില്‍ റിലീസ് ചെയ്ത് ഗംഭീര വിജയം നേടിയ സിനിമകളുടെ ചരിത്രം മലയാള സിനിമയ്ക്കും ഉണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം അതിനൊരു ഉദാഹരണം മാത്രമാണ്. അത്തരത്തിലൊരു സിനിമ നിലവില്‍ റിലീസിന് ഒരുങ്ങുകയാണ്.

ടൊവിനോ തോമസ് നായകനായി എത്തുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയാണ് അത്. പൂർണമായും ത്രീഡിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാല്‍ തിയതി അറിയിച്ചിട്ടില്ല. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

“ഞാൻ ഭയങ്കര ആകാംക്ഷയോടെ നോക്കി കാണുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം. ഓണത്തിനാണ് റിലീസ്. എന്റെ കൂടെ മുൻപ് വർക്ക് ചെയ്തിരുന്ന ആളാണ് ജിതിൻ ലാല്‍. കുഞ്ഞിരാമായണം, ഗോദയിലുമൊക്കെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അതിന്റെ ഒരു സന്തോഷം കൂടി എനിക്ക് ഉണ്ട്. ഒരു ഔട്ട് ആൻ്റ് ഔട്ട് ടൊവിനോ ചിത്രമാണത്. ജിതിൻ കുറെ കഷ്ട്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഏഴെട്ട് വർഷമായി അവൻ അതിന്റെ പുറകെ ആണ്. ഇത്രയും ബജറ്റിലും സ്കെയിലിലും ആദ്യ സിനിമ സംവിധാനം ചെയ്യുക എന്നത് ചെറിയ കാര്യമല്ല. രണ്ട് വർഷം മുൻപ് ആണ് ഷൂട്ട് തുടങ്ങിയത്. ആ സിനിമയ്ക്ക് ഒരു വലിപ്പമുണ്ട്. അത് തലവര മാറ്റുമോ എന്നത് സിനിമ ഇറങ്ങിയാലെ പറയാനാകൂ. പക്ഷേ അത്രത്തോളം എഫേർട്ട് അവരെടുത്തിട്ടുണ്ട്. അതിനുള്ള പ്രതിഫലം ലഭിക്കും എന്നാണ് വിശ്വസിക്കുന്നത്”, എന്നായിരുന്നു എആർഎമ്മിനെ കുറിച്ച്‌ ബേസില്‍ രണ്ട് ദിവസം മുൻപ് പറഞ്ഞത്.

മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് അജയന്റെ രണ്ടാം മോഷണം പറയുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും 2024ല്‍ വൻ ഹിറ്റുകള്‍ ലഭിച്ച മോളിവുഡിലെ മറ്റൊരു മികച്ച സിനിമയാകും ഇതെന്നാണ് വിലയിരുത്തലുകള്‍. അറുപത് കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.