പത്തനംതിട്ട: മാർത്തോമ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരില്‍ സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു.ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പത്തനംതിട്ട അടൂർ സ്വദേശിയായ കോളേജ് അധ്യാപികയാണ് സൈബർആക്രമണത്തിനെതിരെ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന വിവരം പുറത്ത് വിട്ടിരുന്നു.
മാർത്തോമ സഭയ്ക്ക് കീഴിലെ ഒരു പള്ളിയിലെ തർക്കത്തിന്റെ പേരില്‍, കുടുംബ സുഹൃത്തായ വൈദികനുമൊത്ത് പൊതുസ്ഥലത്ത് നില്‍ക്കുന്ന ചിത്രം മോശം പരാമർശങ്ങളോടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. മാർത്തോമാ സഭാ വിശ്വാസിയായ ഒരു വനിത ഉള്‍പ്പെടെ ആറു പേർക്കെതിരെയും ഒരു യൂട്യൂബ് ചാനല്‍ നടത്തിപ്പുകാരനെതിരെയുമാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സൈബർ ആക്രമണത്തെ കുറിച്ച് നേരത്തെ വാർത്ത നല്‍കിയിരുന്നു. പിന്നാലെ പരാതിക്കാരി മുഖ്യമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പിന്നാലെ ആഴ്ചകളായി നടപടി എടുക്കാതിരുന്ന പൊലീസ് രാത്രി തന്നെ പരാതിക്കാരിയുടെ മൊഴിയെടുത്ത് പുലർച്ചെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയില്‍ നില്‍ക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിച്ചത്. പ്രതികള്‍ ഉന്നതസ്വാധീനമുള്ളവരായതിനാല്‍ ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് നേരത്തെ അധ്യാപിക തുറന്നടിച്ചിരുന്നു. വൈദികൻ അടങ്ങുന്ന സഭയ്ക്ക് കീഴിലെ പള്ളിയില്‍ ചില തർക്കങ്ങളുണ്ട്. അതിന്‍റെ ബാക്കിപത്രമാണ് സൈബർ ആക്രമണമെന്നും അധ്യാപിക പറയുന്നു.