കേരളത്തിലും നാളെ ഹര്‍ത്താല്‍ നടത്തും
തിരുവനന്തപുരം : ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തിലും ഹർത്താല്‍ നടത്തും. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരായിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഭീം ആർമിയും വിവിധ ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും ചേർന്നാണ് ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ സംഘടനകളും ഈ പ്രതിഷേധത്തിനായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയെ ഹർത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മലയഅരയ സംരക്ഷണസമിതി, ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, എം.സി.എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദലിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകള്‍ ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താല്‍ നടത്തുക. ബി.എസ്.പിയുടെ കേരള ഘടകവും ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഹർത്താല്‍ സംസ്ഥാനത്തെ പൊതുഗതാഗതത്തേയും, സ്കൂളുകളുകളെയും, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെയും ബാധിക്കില്ല. ഹർത്താലിന്റെ ഭാഗമായി പൊതുസമൂഹത്തെ ബുദ്ധിമുട്ടിക്കില്ല. എന്നാല്‍ ഹർത്താലിന്റെ ഭാഗമായി ഹര്‍ത്താല്‍ അനുഭാവികള്‍ പല സ്ഥലങ്ങളിലും പ്രതിഷേധറാലികളും യോഗങ്ങളും നടത്തിയേക്കും.
സുപ്രീം കോടതിയുടെ വിധി അനീതിയാണെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ സുപ്രീം കോടതിവിധി മറികടക്കാനായി പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുകയെന്ന ആവശ്യമാണ് ഹർത്താലിലൂടെ മുന്നോട്ട് വെക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം വാർഷിക വരുമാന പരിധിയില്‍ ഉള്‍പ്പെട്ട എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ് സി, എസ് ടി ലിസ്റ്റ് ഒമ്ബതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഈ സംഘടനകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. സമഗ്രമായ ജാതി സെന്‍സ് ദേശീയ അടിസ്ഥാനത്തില്‍ നടത്തണമെന്നും ദളിത്-ആദിവാസി സംഘടനകളുടെ പ്രധാന ആവശ്യമാണ്.
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബന്ദ് ശക്തമാകുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയയില്‍ ബന്ദ് അനുകൂലികള്‍ക്ക് പിന്തുണ നിരവധിയാണ്. ഇതിന് പിന്നാലെയാണ് അക്രമസംഭവങ്ങളുടെ സാധ്യത മുന്നില്‍ക്കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രതാ നിർദേശം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ഹർത്താല്‍ പൊതുഗതാഗത ബാധിക്കുകയില്ല, എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊതുഗതാഗതത്തെ ഹർത്താല്‍ ബാധിക്കും. ദളിത് സ്വാധീന മേഖലയിലെ ഓഫീസുകള്‍ പ്രവർത്തന രഹിതമാകാനും സാധ്യത കാണുന്നു. എന്നാല്‍ അടിയന്തര സേവനങ്ങളായ ആശുപത്രി, ആംബുലൻസ്, പാല്‍, പത്രം തുടങ്ങിയവയെ ഭാരത് ബന്ദ് ബാധിക്കില്ല.