രോഗിയുമായി എത്തിയ ആംബുലൻസിന് വഴികൊടുക്കാൻ കാര്‍ വെട്ടിത്തിരിച്ചു, ഫ്ലൈ ഓവറിന്‍റെ ഡിവൈഡറില്‍ ഇടിച്ച് അപകടം
ബെംഗളൂരു: രോഗിയുമായി എത്തിയ ആംബുലൻസിന് വഴികൊടുന്നതിനിടെ കാർ നിയന്ത്രണം വിട്ട് അപകടം. ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ മേല്‍പ്പാലമായ ഇലക്‌ട്രോണിക് സിറ്റി ഫ്‌ളൈ ഓവറില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ ദാരുണമായ അപകടം സംഭവിച്ചത്.രോഗിയുമായി എത്തിയ ആംബുലൻസിന് സൈഡ് കൊടുക്കാനായി വെട്ടിത്തിരിച്ച കാർ നിയന്ത്രണം വിട്ട് ഫ്ലൈ ഓവറിന്‍റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കാറിന്‍റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫ്ലൈ ഓവറില്‍ ഇടത് വശം ചേർന്ന് വരികയായിരുന്ന കാർ. പിന്നില്‍ നിന്നും സൈറണ്‍ മുഴക്കി അമിത വേഗതിയിലെത്തിയ ആംബുലൻസിന് സൈഡ് നല്‍കാനായി കാർ ഡ്രൈവർ ഇടത്തേക്ക് വെട്ടിക്കുന്നത് വീഡിയോയില്‍ കാണാം. ആംബുലൻസ് കാറിനെ തൊട്ടുരുമ്മിയാണ് കടന്ന് പോയത്. നിയന്ത്രണംവിട്ട വാഹനം ഫ്ലൈഓവറിന്‍റെ ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഡിവൈഡർ തകർത്ത് കാർ താഴേക്ക് പതിക്കാഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി. കാറിലുള്ളവരെ മറ്റൊരു ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. കാർ യാത്രികർക്ക് പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അപകടത്തെതുടർന്ന് ഫ്ലൈ ഓവറില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തിയാണ് ഫ്ലൈ ഓവറില്‍ നിർത്തിയിട്ട് കാഴ്ചക്കാരായവരെ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.