ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, ബാബര്‍ പൂജ്യത്തിന് പുറത്ത്; രക്ഷകരായി സൗദ് ഷക്കീലും സയീം അയൂബും
കറാച്ചി: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. മഴമൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്‍ ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ്.57 റണ്‍സോടെ സൗദ് ഷക്കീലും 24 റണ്‍സുമായി മുഹമ്മദ് റിസ്‌വാനും ക്രീസില്‍.
ഇന്നലെ പെയ്ത കനത്ത മഴമൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞുകുതിര്‍ന്നതിനാല്‍ അവസാന രണ്ട് സെഷനുകളില്‍ മാത്രമാണ് മത്സരം നടന്നത്. ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ പാകിസ്ഥാനെ ഞെട്ടിച്ചാണ് ബംഗ്ലാദേശ് തുടങ്ങിയത്. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പേസര്‍മാരെ തുണച്ചപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്ണെത്തിയപ്പോഴെ പാകിസ്ഥാന് ഓപ്പണർ അബ്ദുള്ള ഷഫീഖിന്‍റെ വിക്കറ്റ് നഷ്ടമായി. രണ്ട് റണ്‍സെടുത്ത ഷഫീഖിനെ ഹസന്‍ മഹ്മൂദ് ആണ് വീഴ്ത്തിയത്.പിന്നാലെ ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ(6)യും ബാബര്‍ അസമിനെയും(0) പുറത്താക്കിയ ഷൊറീഫുള്‍ ഇസ്ലാം പാകിസ്ഥാനെ 16-3ലേക്ക് തള്ളിയിട്ടു. എന്നാല്‍ നാലാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സൗദ് ഷക്കീലും സയീം അയൂബും ചേര്‍ന്ന് പാകിസ്ഥാനെ 100 കടത്തി.
അര്‍ധസെഞ്ചുറി നേടിയ അയൂബിനെ(57) ഹസന്‍ മെഹ്മൂദ് പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചെങ്കിലും അഞ്ചാം വിക്കറ്റില്‍ മുഹമ്മദ് റിസ്‌വാനെ കൂട്ടുപിടിച്ച് സൗദ് ഷക്കീല്‍ നടത്തിയ ചെറുത്തു നില്‍പ്പില്‍ പാകിസ്ഥാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 150 കടന്നു. ബംഗ്ലാദേശിനായി ഷൊറീഫുള്‍ ഇസ്ലാമും ഹസന്‍ മെഹ്മൂദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.