അകത്ത് കിടന്നത് 1 മണിക്കൂര്‍! പിന്നെ രക്ഷ, ‘ഫോണ്‍ ഓഫ്, ഉറക്കെ വിളിച്ചു, ആരും കേട്ടില്ല’ സ്ത്രീ ലിഫ്റ്റില്‍ കുടുങ്ങി

കോഴിക്കോട്: നഗരത്തിലെ അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ കയറിയ ജീവനക്കാരി പുറത്തുകടക്കാനാകാതെ കുടുങ്ങിയത് ഒരു മണിക്കൂറോളം.തൊണ്ടായാട് കുമാരന്‍ നായര്‍ റോഡിലെ സൈബര്‍ വിസ്റ്റ അപാര്‍ട്ട്‌മെന്റിലെ ശുചീകരണ തൊഴിലാളി ധനലക്ഷ്മിയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

മുകള്‍ നിലയിലെ അപാര്‍ട്ട്‌മെന്റില്‍ ശുചീകരണത്തിന് പോകാനായി ലിഫ്റ്റില്‍ കയറിയതായിരുന്നു ധനലക്ഷ്മി. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം ഒന്നാം നിലയില്‍ വച്ച്‌ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായതിനാല്‍ ആരെയും വിളിക്കാന്‍ കഴിഞ്ഞില്ലെന്ന് ധനലക്ഷ്മി പറഞ്ഞു.

ഏറെ നേരം സഹായത്തിനായി ഉറക്കേ വിളിച്ചെങ്കിലും ആരും കേട്ടില്ല. കുറച്ച്‌ സമയത്തിന് ശേഷം ലിഫ്റ്റിനോട് ചേര്‍ന്ന അപാര്‍ട്ട്‌മെന്റിലെ താമസക്കാരി ജൂബിയ നസ്രിയ ആണ് ബഹളം കേട്ട് കാര്യം അന്വേഷിച്ചത്. അപകടം മനസിലാക്കിയ ഇവര്‍ അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. വെള്ളിമാട്കുന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എന്‍ ബിനീഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം നിമിഷങ്ങള്‍ കൊണ്ട് ലിഫ്റ്റ് തുറന്ന് ധനലക്ഷ്മിയെ രക്ഷപ്പെടുത്തി. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ അഹമ്മദ് റഹീസ്, ഷൈബിന്‍, നിഖില്‍, മഹേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.