ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധർമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെന്നും ലീലാ കൃഷ്ണനായി വരെ ഭക്തജനങ്ങള്‍ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ ആശംസ വിശദമാക്കുന്നത്.ജന്മാഷ്ടമി ആഘോഷത്തിലാണ് രാജ്യമുള്ളത്. ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കുകയാണ്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്നാണ് നടക്കുക. ഗുരുവായൂരപ്പന് നിവേദിച്ച പാല്‍ പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികള്‍ക്ക് ഗുരുവായൂർ വേദിയാകും. 5 മണിക്ക് മേല്‍പുത്തൂർ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7:30 മുതല്‍ സംഗീത നൃത്ത നാടകവും രാത്രി 10 മണി മുതല്‍ കൃഷ്ണനാട്ടവും അരങ്ങേറും
മുഖ്യമന്ത്രിയുടെ ശ്രീകൃഷ്ണ ജയന്തി ആശംസയുടെ പൂർണരൂപം
ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധർമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. എല്ലാവർക്കും ആശംസകള്‍.