അര്‍ജുൻ്റെ കുടുംബം സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കാണും, നാളെ കൂടിക്കാഴ്ച
കോഴിക്കോട് : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണും.ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാനാണ് സന്ദർശനം.
അർജുൻ്റെ ബന്ധു ജിതിൻ, എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎല്‍എ എക എം അഷറഫ്, കാർവാർ എംഎല്‍എ സതീഷ് സെയ്ല്‍ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും കാണുക. കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എ കെ എം അഷ്റഫ് എംഎല്‍എ പറഞ്ഞു.
ഡ്രഡ്ജർ എത്തിക്കാനുള്ള കാലതാമസം മാത്രമേ ഉണ്ടാകൂവെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഗംഗാവലി പുഴയില്‍ മണ്ണ് അടിഞ്ഞതിനാല്‍ ഡ്രഡ്ജിംഗ് നടത്താതെ തെരച്ചില്‍ സാധ്യമാകില്ല. ഡ്രഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.