അധ്യാപികയെ തള്ളിയിട്ട് മാല കവര്‍ച്ച; പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി കാര്‍ യാത്രികര്‍

അഞ്ചല്‍: അധ്യാപികയെ തള്ളിയിട്ട് മാലപൊട്ടിച്ച്‌ ബൈക്കില്‍ കടന്ന സംഘത്തിലെ ഒരാളെ കാർ യാത്രികർ പിന്തുടർന്ന് കീഴ്പ്പെടുത്തി പൊലീസിനെ ഏല്‍പ്പിച്ചു.ഇരവിപുരം വാളത്തുംഗല്‍ കളീലില്‍ വീട്ടില്‍ യാസറാണ് (37) പിടിയിലായത്.

കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ വാളകം എം.എല്‍.എ ജങ്ഷന് സമീപത്തെ സി.എസ്.ഐ സ്കൂളില്‍നിന്ന് ഇറങ്ങി വന്ന അധ്യാപികയുടെ രണ്ടുപവന്‍റെ സ്വർണമാല ബൈക്കിലെത്തിയ യാസറും സുഹൃത്തും ചേർന്ന് പൊട്ടിച്ചെടുത്ത് കടന്നു. ഈസമയത്ത് ഇതുവഴി കാറില്‍ വന്നവർ സംഭവം കാണുകയും ബൈക്കിനെ പിന്തുടരുകയും ചെയ്തു. വാളകം അണ്ടൂർ റോഡില്‍ കട്ടിയാംകോട് ഭാഗത്തുവെച്ച്‌ കാർ തടസ്സം നിർത്തി ബൈക്ക് തടഞ്ഞു. കാർ ഓടിച്ചിരുന്ന റാന്നി ഉദിമൂട് സ്വദേശിയും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ സുരേഷും മോഷ്ടാക്കളുമായി മല്‍പിടുത്തമുണ്ടായി. സുരേഷിന്‍റെയും കാറിലുണ്ടായിരുന്ന മറ്റു യാത്രികരുടെയും ചെറുത്തു നില്‍പിനെത്തുടർന്ന് യാസറിനെ കീഴ്പ്പെടുത്തി. കൂട്ടാളി ബൈക്കുമായി രക്ഷപ്പെട്ടു.

സ്ഥലത്തെത്തിയ വാളകം ഔട്ട് സ്റ്റേഷനിലെ എസ്.ഐയും സംഘവും യാസറിനെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്ന് മാല കണ്ടെടുത്തു. തുടർ നടപടികള്‍ക്കായി യാസറിനെ കൊട്ടാരക്കര പൊലീസിന് കൈമാറി. യാസർ നേരത്തേയും സമാനമായ കേസുകളില്‍ പ്രതിയാണെന്നും കൂട്ടുപ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സന്ദർഭോചിതമായി ഉണർന്ന് പ്രവർത്തിക്കുകയും പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയും ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർ സുരേഷിനെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു.