സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനും ചെങ്കടലില്‍ ‘വാട്ടര്‍ സ്ട്രിപ്പ്’

റിയാദ്: സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള ‘വാട്ടർ സ്ട്രിപ്പ്’ ചെങ്കടലിലെ ഷൈബാ ദ്വീപില്‍ പ്രവർത്തിപ്പിക്കാൻ അനുമതി നല്‍കി.രാജ്യത്തെ രണ്ടാമത്തെ വാട്ടർ സ്ട്രിപ്പ് ആണ് ചെങ്കടല്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ് അനുവദിച്ചത്. ടൂറിസം പദ്ധതികളുടെ ഡെവലപ്പറായ റെഡ് സീ ഇൻറർനാഷനല്‍ കമ്ബനിക്കാണ് ലൈസൻസ് ലഭിച്ചത്. സിവില്‍ ഏവിയേഷൻ അതോറിറ്റി (ഗാക) പ്രസിഡൻറ് അബ്ദുല്‍ അസീസ് അല്‍ദുവൈലജ്, റെഡ് സീ ഇൻറർനാഷനല്‍ ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോക്ക് ലൈസൻസ് കൈമാറി. ചടങ്ങില്‍ സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സാലിഹ് അല്‍ ജാസർ പങ്കെടുത്തു.

മനോഹരമായ പവിഴപ്പുറ്റുകളാല്‍ സമ്ബന്നമാണ് ഷൈബാര ദ്വീപ്. വരും മാസങ്ങളില്‍ തന്നെ ടൂറിസ്റ്റുകള്‍ക്കായി ദ്വീപിലേക്കുള്ള വാതിലുകള്‍ തുറക്കും. സ്റ്റെയിൻലെസ് സ്റ്റീല്‍ കൊണ്ട് നിർമിച്ച വ്യതിരിക്തമായ വില്ല ഡിസൈനുകളിലാണ് റിസോർട്ട് ഒരുക്കുന്നത്. ചെങ്കടലിലെ ആദ്യത്തെ ടൂറിസ്റ്റ് റിസോർട്ടാണ് ഇത്. കരയില്‍നിന്ന് ബോട്ടില്‍ 30 മിനിറ്റും സീപ്ലെയിനില്‍ 20 മിനിറ്റും കൊണ്ട് ഇവിടെ എത്തിച്ചേരാനാവും. ഷൈബാര റിസോർട്ട് ലോകത്തിന് മുന്നില്‍ തുറക്കുന്നതിനുള്ള അന്തിമ നടപടികളുടെ ഭാഗമാണ് ഈ ലൈസൻസ് എന്ന് ജോണ്‍ പഗാനോ പറഞ്ഞു. ഷൈബാര റിസോർട്ട് ഉടൻ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ഷൈബാര റിസോർട്ടിലേക്കും തിരിച്ചും സീപ്ലെയിൻ വഴി മനോഹരവും അതുല്യവുമായ ഒരു യാത്രയാണ് സമ്മാനിക്കുക.

സൗദിയില്‍ സീപ്ലെയിനുകള്‍ പ്രവർത്തിപ്പിക്കുന്ന ആദ്യ കമ്ബനിയാവുകയാണ് റെഡ് സീ ഇൻറർനാഷനല്‍. ലൈസൻസുള്ള രണ്ട് എയർസ്ട്രിപ്പുകള്‍ കൂടാതെ ടൂറിസം, വ്യോമയാന മേഖലകളിലെ നേതാക്കളായി ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞ വർഷമാണ് റെഡ് സീ ഇൻറർനാഷനല്‍ സൗദിയിലെ വാട്ടർ സ്ട്രിപ്പിനുള്ള ആദ്യ ഓപ്പറേറ്റിങ് ലൈസൻസ് നേടിയത്. ഉമ്മഹാത് ഐലൻഡിലെ വാട്ടർ എയർപോർട്ടിലേക്കും തിരിച്ചും കമ്ബനി 520ലധികം സർവിസുകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 1200 പേരാണ് യാത്ര ചെയ്തത്. ഈ വർഷം യാത്രക്കാരുടെ എണ്ണം 3800ലധികം യാത്രക്കാരില്‍ എത്തുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്.