മെഹിദിക്ക് അഞ്ച് വിക്കറ്റ്! ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച
റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 274ന് എല്ലാവരും പുറത്തായി.അഞ്ച് വിക്കറ്റ് നേടി മെഹിദി ഹസന്‍ മിറാസാണ് പാകിസ്ഥാനെ തകര്‍ത്തത്. ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. സെയിം അയൂബ് (58), ഷാന്‍ മസൂദ് (57), അഗ സല്‍മാന്‍ (54) എന്നിവര്‍ പാകിസ്ഥാന് വേണ്ടി അര്‍ധ സെഞ്ചുറികള്‍ നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്ബോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്. മത്സരത്തിന്റെ ആദ്യദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
പാകിസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിനെ ആദ്യ ഓവറിലെ അവസാന പന്തില്‍ പൂജ്യത്തിന് നഷ്ടമായി. സയ്യിം അയൂബും ക്യാപ്റ്റന്‍ ഷാന്‍ മസൂദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ പാകിസ്ഥാന്‍ മികച്ച നിലയിലെത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സടിച്ചു. 57 റണ്‍സെടുത്ത ഷാന്‍ മസൂദിനെ പിന്നാലെ സയ്യിം അയൂബിനെയും മെഹ്ദി ഹസന്‍ മിറാസ് മടക്കിയതോടെ പാകിസ്ഥാന്‍ വീണ്ടും തകര്‍ച്ചയിലായി.
പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച മുന്‍ നായകന്‍ ബാബര്‍ അസം 77 പന്തില്‍ 31 റണ്‍സെടുത്തു. ഇതിനിടെ സൗദ് ഷക്കീലിനെ(16) മടക്കിയതിന് പിന്നാലെ ബാബറിനെ ഷാക്കിബ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പാകിസ്ഥാന്‍ അഞ്ചിന് 179-ലേക്ക് വീണു. മുഹമ്മദ് റിസ്‌വാന്‍ (29), ഖുറാം ഷെഹ്‌സാദ് (12), മുഹമ്മദ് അലി (2), അബ്രാര്‍ അഹമ്മദ് (9) എന്നിവരും മടങ്ങിയതോടെ പാകിസ്ഥാന് 274ല്‍ ഒതുങ്ങി. മിര്‍ ഹംസ (0) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് വേണ്ടി ഷദ്മാന്‍ ഇസ്ലാം (6), സാകിര്‍ ഹസന്‍ (0) പുറത്താവാതെ നിന്നു.