മൊത്തം 204 കുപ്പി! ഒന്നാം തിയതി ‘ഡ്രൈഡേ’ കച്ചവടം പൊടിപൊടിക്കാമെന്ന് കരുതി, പക്ഷേ എത്തിയത് എക്സൈസ്; പിടിവീണു

ഹരിപ്പാട്: ഒന്നാം തിയതിയടക്കമുള്ള ഡ്രൈ ഡേകളില്‍ വില്‍പ്പനയ്ക്കായി കരുതിവച്ച അനധികൃത വിദേശമദ്യവുമായി പ്രതിയെ പിടികൂടി.തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പറയൻതറ വീട്ടില്‍ രഘു (70) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. സംസ്ഥാനത്ത് മദ്യശാലകള്‍ അവധിയുള്ള ദിവസങ്ങളില്‍ അമിത ലാഭത്തിനായി വൻതോതില്‍ വിദേശമദ്യം വീട്ടില്‍ ശേഖരിച്ച്‌ വില്‍പ്പന നടത്തുന്നതാണ് രഘുവിന്റെ പതിവ്. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച്‌ ഹരിപ്പാട് എക്സൈസ് സർക്കിള്‍ സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് രഘുവിനെ പിടികൂടിയത്.

ഇയാളുടെ വീട്ടില്‍ നിന്നും അര ലിറ്ററിന്റെ 204 കുപ്പി മദ്യമാണ് കണ്ടെടുത്തത്. ഹരിപ്പാട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജി അജിത് കുമാർ, എം ആർ സുരേഷ്, പ്രിവന്റ്റീവ് ഓഫീസർമാരായ കെ ബിജു, പി പ്രവീണ്‍, സിവില്‍ എക്സൈസ് ഓഫീസർ പി യു ഷിബു, ഡ്രൈവർ കെ പി ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു ലക്ഷത്തില്‍ അധികം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.