ബംഗ്ലാദേശിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കൈപ്പിടിച്ചുയര്‍ത്തി ലിറ്റണ്‍, സെഞ്ചുറി! പാകിസ്ഥാന് വീണ്ടും തകര്‍ച്ച

റാവല്‍പിണ്ടി: പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ അവിശ്വസനീയ തിരിച്ചുവരുമായി ബംഗ്ലാദേശ്. ഒരു ഘട്ടത്തില്‍ ആറിന് 26ന് എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചത് 262 റണ്‍സിന്.പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 274നെതിരെ 12 റണ്‍സ് മാത്രം പിന്നില്‍. ലിറ്റണ്‍ ദാസിന്റെ (138) വീരോചിത സെഞ്ചുറിയും മെഹിദി ഹസന്റെ (78) ഇന്നിംഗ്‌സുമാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഖുറാം ഷെഹ്‌സാദ് പാകിസ്ഥാന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാന്‍ മൂന്നാം ദിനം വിക്കറ്റെടുക്കുമ്ബോള്‍ രണ്ടിന് ഒമ്ബത് എന്ന നിലയിലാണ്.

ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ബംഗ്ലാദേശ് മുന്‍നിര തകര്‍ന്നിരുന്നു. ആദ്യ ആറ് ബാറ്റര്‍മാരില്‍ ഷദ്മാന്‍ ഇസ്ലാം (10) മാത്രമാണ് രണ്ടക്കം കണ്ടത്. സാക്കിര്‍ ഹസന്‍ (1), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (4), മൊമിനുള്‍ ഹഖ് (1), മുഷ്ഫിഖര്‍ റഹീം (3), ഷാക്കിബ് അല്‍ ഹസന്‍ (2) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഇതോടെ ആറിന് 26 എന്ന പരിതാപകരമായ നിലയിലായി സന്ദര്‍ശകര്‍. തുടര്‍ന്ന് ദാസ് – മെഹിദി സഖ്യം 165 റണ്‍സ് കൂട്ടിചേര്‍ത്തു. മെഹിദിയെ പുറത്താക്കി ഖുറാമാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ടസ്‌കിന്‍ അഹമ്മദ് (1) പെട്ടന്ന് മടങ്ങിയെങ്കിലും ഹസന്‍ മഹ്മൂദ് (51 പന്തില്‍ 13) കൂട്ടുപടിച്ച്‌ ലിറ്റണ്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 228 പന്തുകള്‍ നേരിട്ട ലിറ്റണ്‍ 13 ഫോറും നാല് സിക്‌സും നേടി. നഹിദ് റാണയാണ് (0) പുറത്തായ മറ്റൊരു താരം.

രണ്ടാം ഇന്നിംഗ്‌സില്‍ അബ്ദുള്ള ഷെഫീഖ് (3), നൈറ്റ് വാച്ച്‌മാനായി എത്തിയ ഖുറാം (0) എന്നിവരുടെ വിക്കറ്റുകളാണ് പാകിസസ്ഥാന് നഷ്ടമായത്. സെയിം അയൂബ് (6) ക്രീസിലുണ്ട്. ഹസന്‍ മഹ്മൂദിനാണ് രണ്ട് വിക്കറ്റുകളും. നേരത്തെ സെയിം അയൂബ് (58), ഷാന്‍ മസൂദ് (57), അഗ സല്‍മാന്‍ (54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാന് തുണയായത്. അഞ്ച് വിക്കറ്റ് നേടി മെഹിദി ഹസന്‍ മിറാസാണ് പാകിസ്ഥാനെ തകര്‍ത്തത്. ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.

പാകിസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിനെ ആദ്യ ഓവറിലെ അവസാന പന്തില്‍ പൂജ്യത്തിന് നഷ്ടമായി. സയ്യിം അയൂബും ക്യാപ്റ്റന്‍ ഷാന്‍ മസൂദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ പാകിസ്ഥാന്‍ മികച്ച നിലയിലെത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സടിച്ചു. 57 റണ്‍സെടുത്ത ഷാന്‍ മസൂദിനെ പിന്നാലെ സയ്യിം അയൂബിനെയും മെഹ്ദി ഹസന്‍ മിറാസ് മടക്കിയതോടെ പാകിസ്ഥാന്‍ വീണ്ടും തകര്‍ച്ചയിലായി.

പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച മുന്‍ നായകന്‍ ബാബര്‍ അസം 77 പന്തില്‍ 31 റണ്‍സെടുത്തു. ഇതിനിടെ സൗദ് ഷക്കീലിനെ(16) മടക്കിയതിന് പിന്നാലെ ബാബറിനെ ഷാക്കിബ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പാകിസ്ഥാന്‍ അഞ്ചിന് 179-ലേക്ക് വീണു. മുഹമ്മദ് റിസ്വാന്‍ (29), ഖുറാം ഷെഹ്സാദ് (12), മുഹമ്മദ് അലി (2), അബ്രാര്‍ അഹമ്മദ് (9) എന്നിവരും മടങ്ങിയതോടെ പാകിസ്ഥാന് 274ല്‍ ഒതുങ്ങി. മിര്‍ ഹംസ (0) പുറത്താവാതെ നിന്നു.