നോര്‍ക്ക കാനറാ ബാങ്ക് പ്രവാസി ലോണ്‍ ക്യാമ്ബ്; 6.90 കോടിയുടെ സംരംഭക വായ്പകള്‍ക്ക് ശുപാര്‍ശ
തിരുവനന്തപുരം: തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോണ്‍ ക്യാമ്ബില്‍ 6.90 കോടി രൂപയുടെ സംരംഭകവായ്പകള്‍ക്ക് ശുപാര്‍ശ നല്‍കി.തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്ബില്‍ 108 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്.
ഇവരില്‍ 63 പേരുടെ പദ്ധതികള്‍ക്ക് കാനറാ ബാങ്ക് വഴിയും 07 പേര്‍ക്ക് മറ്റു ബാങ്കുകള്‍ മുഖേനയുമാണ് നോര്‍ക്ക വഴി വായ്പയ്ക്ക് ശുപാര്‍ശ നല്‍കിയത്. 18 പേരുടെ അപേക്ഷ പുന:പരിശോധനയ്ക്കുശേഷം പരിഗണിക്കും. 07 സംരംഭകരുടെ പദ്ധതി പുന:പരിശോധനയ്ക്കു വിട്ടു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമായിരുന്നു ക്യാമ്ബ്.
രണ്ട് വർഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി.