ഈ ‘വാഴ’ നിസാരക്കാരനല്ല ! ‘വാലിബന്റെ’ ലൈഫ് ടൈം കളക്ഷൻ തൂക്കി ഈ കൊച്ചുചിത്രം, നേടിയത് കോടികള്‍

ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച കളക്ഷൻ നേടുക എന്നത് ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വലിയ സ്വപ്നമാണ്.ഈ സ്വപ്നം ചിലപ്പോള്‍ ഫലിക്കും ചിലപ്പോള്‍ ഫലിക്കാതെയും പോകും. ഒരു മുൻവിധിയും ഇല്ലാതെ എത്തി ഹിറ്റ് അടിച്ച്‌ പോകുന്ന സിനിമകള്‍ ഇക്കൂട്ടത്തില്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു സിനിമയാണ് വാഴ- ബയോപിക് ഓഫ് ബില്യണ്‍ ബോയ്സ്.

ആനന്ദ് മേനോന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി വിജയ യാത്ര തുടരുകയാണ്. ഒട്ടനവധി യുവാക്കള്‍ക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ചിത്രമെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിക്കുകയാണ്. ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വാഴ ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങള്‍ പുറത്തുവരികയാണ്.

പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ഇതിനോടകം 35 കോടിയാണ് ആഗോള തലത്തില്‍ വാഴ നേടിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 25 കോടിയാണ് ചിത്രം സ്വന്തമാക്കിയതെന്നും ഇവർ പറയുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ മോഹൻലാല്‍ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷനാണ് ചിത്രം മറികടന്നിരിക്കുന്നത്. 30 കോടിയാണ് വാലിബന്റെ ലൈഫ് ടൈം കളക്ഷൻ. ഈ വർഷം മികച്ച കളക്ഷൻ നേടിയ മലയാള സിനിമകളുടെ ടോപ് 10 ലിസ്റ്റിലും വാഴ ഇടംപിടിച്ചു കഴിഞ്ഞു.