ഇടുക്കി: ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് സബ് കളക്ടർ പിഴചുമത്തി.കേരശക്തി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആളുകള്‍ക്ക് വലിയ രീതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപന ഉടമ ഇടുക്കി സ്വദേശി ഷിജാസ് 15 ദിവസത്തിനകം പിഴയൊടുക്കണമെന്നാണ് നിർദ്ദേശം. ഉടുമ്ബന്നൂർ, വെളളിയാമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ആദിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. തുടർന്നാണ് നടപടി. എണ്ണയുടെ കാലാവധി കഴിഞ്ഞതാണെന്നും പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ പരിശോധന ഫലം കിട്ടി ഒരുമാസമായിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആദിവാസി സംഘടനകള്‍ ഐടിഡിപി ഓഫീസറെ ഉപരോധിച്ചിരുന്നു.