അബ്ദുള്‍ റഹ്‌മാൻ പേര് മാറ്റി ഒത്മാന്‍ ഖാമിസ് ഓത്മാന്‍ അല്‍ ഹമാദിയായി കഴിഞ്ഞത് നീണ്ട 16 വര്‍ഷം; ഒടുവില്‍ അറസ്റ്റ്

 

കോഴിക്കോട്: പത്രപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം ദില്ലിയില്‍ അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹ്‌മാന്‍ ആണ് പിടിയിലായത്. 2005 ജൂലൈയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് പത്രപ്രവര്‍ത്തകനായ ഷംസുദ്ധീനെ അബ്ദുള്‍ റഹ്‌മാനും സംഘവും ചേര്‍ന്ന് ആക്രമിച്ചത്. നടക്കാവ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വിദേശത്തേക്ക് കടക്കുകയും യുഎഇയില്‍ എത്തി ഒത്മാന്‍ ഖാമിസ് ഓത്മാന്‍ അല്‍ ഹമാദി എന്ന് പേര് മാറ്റി പുതിയ പേരില്‍ പാസ്‌പോര്‍ട്ട് നിര്‍മിക്കുകയും ചെയ്തു. 16 വര്‍ഷത്തോളമായി അവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ തുടരന്വേഷണത്തില്‍ പ്രതിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ മനസിലാക്കുകയും ഇന്റര്‍പോളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇന്ന് അബ്ദുള്‍ റഹ്‌മാന്‍ യുഎഇയില്‍ നിന്ന് ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയും ക്രൈംബ്രാഞ്ച് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി പ്രകാശിന്റെ നിര്‍ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പി വി വിനേഷ് കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ എം കെ സുകു എന്നിവര്‍ ദില്ലിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ, നല്ലളം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.