കുടുംബാംഗങ്ങളെത്തി ജെൻസണെ കണ്ടു; അവസാന നോക്ക് കാണാൻ വയനാട്ടുകാര്‍, പൊതുദര്‍ശനം തുടങ്ങി

കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ പോസ്റ്റുമോർട്ടം നടപടികള്‍ കഴിഞ്ഞു.സഹോദരൻ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബത്തേരി ആശുപത്രിയില്‍ വച്ച്‌ ജെൻസനെ കണ്ടു. ശേഷം അമ്ബലവയല്‍ ആണ്ടൂരിലേക്ക് ജെൻസൻ്റെ മൃതദേഹം കൊണ്ടുപോയി. ഇവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. ജെൻസന്റേയും ശ്രുതിയുടേയും വിവാഹം നടക്കാൻ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അപകടം ഉണ്ടായതും ജെൻസണ്‍ മരിക്കുന്നതും.

ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. അഛൻ്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തില്‍ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പില്‍ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്ബർ കൂടിയായിരുന്നു അമ്മ സബിത. കല്‍പ്പറ്റ എൻഎംഎസ് എം ഗവ കോളേജില്‍ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുള്‍പൊട്ടലിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകള്‍ നടത്താനായി. എന്നാല്‍ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.

ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുള്‍ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹ നിശ്ചയത്തിലെത്തിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.

കല്‍പറ്റയിലെ വാഹനാപകടത്തില്‍ ജെണ്‍സണ് ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ജെൻസണ്‍ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് പെണ്‍കുട്ടിക്ക് ഒപ്പം നിന്ന യുവാവിൻ്റെ ആഗ്രഹങ്ങള്‍ പൂർത്തീകരിക്കാതെയുള്ള മരണം, കേരളത്തിനാകെ നോവായി മാറി.