‘ശ്രുതിയ്ക്ക് എല്ലാ കരുതലും ഒരു മകളുടെ സ്ഥാനത്ത് കണ്ട് നിറവേറ്റും, ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയും’: സതീശൻ

തിരുവനന്തപുരം: വയനാട്ടിലെ ശ്രുതിക്ക് ആവശ്യമായ എല്ലാ കരുതലും ഒരു മകളുടെ സ്ഥാനത്ത് കണ്ട് നിറവേറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ശ്രുതിയുടെ ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയുമെന്നും സതീശൻ പറഞ്ഞു. ശ്രുതി ഒറ്റയ്ക്കാവില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്ലാ സഹായവും നല്‍കും. വാർത്താസമ്മേളനത്തിലാണ് സതീശൻ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരേയും എഡിജിപിക്കെതിരേയും രൂക്ഷ വിമർശനമാണ് സതീശൻ നടത്തിയത്.

എഡിജിപിയെ മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് എല്‍ഡിഎഫ് ഘടകകക്ഷികളേക്കാള്‍ സർക്കാരില്‍ സ്വാധീനം ആർഎസ്‌എസിനാണെന്ന് തെളിയിക്കുന്നു. സത്യസന്ധനായ മലപ്പുറം എസ്പിക്കെതിരെ മുഖ്യമന്ത്രി നടപടി എടുത്തു. അൻവറിന്റെ ആരോപണം കണക്കിലെടുത്താണ് അത്. എന്ത് മെസ്സേജാണ് മുഖ്യമന്ത്രി പൊലീസിന് നല്‍കുന്നതെന്നും സതീശൻ വാർത്താസമ്മേളനത്തില്‍ ചോദിച്ചു. പൊലീസിനെ വെറും ഏറാൻമൂളികളുടെ സംഘമാക്കിയിരിക്കുകയാണ് പിണറായി. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കാര്യം എല്‍ഡിഎഫ് യോഗത്തിന്റെ അജണ്ടയില്‍ പോലും വച്ചില്ല. എഡിജിപിയെ പോലുള്ളവർക്ക് മുഖ്യമന്ത്രിയുടെ അസാധാരണ കരുതലാണ്.

ഓർഗനൈസർ പത്രാധിപർ തന്നെ പറഞ്ഞില്ലെ സിപിഎമ്മുമായി ബന്ധം ഉണ്ടായിരുന്നുവെന്ന്. നിയമസഭയില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മുഖം കുനിച്ചല്ലേ ഇരുന്നത്. സംഘിപ്പട്ടം പ്രതിപക്ഷത്തിന്റെ തലയില്‍ വക്കണ്ട. സംഘിപ്പട്ടം തലയില്‍ എടുത്ത് വച്ചത് ഇപ്പോള്‍ മുഖ്യമന്ത്രിയാണ്. സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പരസ്യ ഉറപ്പ് ഉണ്ട്. അതിനിടെ എന്ത് അന്വേഷണം ആണ്. പ്രഹസനം ആണ് എല്ലാം. സിപിഎമ്മിനകത്തെ വിപ്ലവത്തില്‍ ഒരു താല്‍പര്യവും പ്രതിപക്ഷത്തിന് ഇല്ല. മുന്നണിയില്‍ എന്ത് വിലയുണ്ടെന്ന് സിപിഐ ആലോചിക്കണം. ഇടത് സഹയാത്രികർ പോലും വെറുക്കുന്നതിന്റെ തെളിവാണ് എം മുകുന്ദന്റെ എഫ്ബി പോസ്റ്റ്. സിപിഎമ്മിനെ കുഴിച്ച്‌ മൂടിയേ പിണറായി പോകു. മുഖ്യമന്ത്രി രാജി വക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഓണം കഴിഞ്ഞാല്‍ സമരം ശക്തമാക്കും. കേരള സർവ്വകലാശാല പൊലീസിനെ തള്ളിമാറ്റിയാണ് എസ്‌എഫ്‌ഐ അതിക്രമം ഉണ്ടാക്കിയത്. അവസാനം അടികൊണ്ട കെഎസ് യുകാർക്കെതിരെ കേസ് എടുത്തു. നല്ല പൊലീസ് ആണ്.
അൻവറിന്റെ ഫോണ്‍ ചോർത്തല്‍ വെളിപ്പെടുത്തല്‍ ഗൗരവമുള്ള വിഷയമാണെന്നും നിയമനടപടി ആലോചിക്കുന്നുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.