പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പഴിചാരി രക്ഷപെടാൻ കഴിയില്ല; കര്‍ശന നിലപാടുമായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൊൻമുടി സർക്കാർ യു.പി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഗുരുതര സുരക്ഷാ ഭീഷണി നേരിടുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വകുപ്പുകളെ പഴിചാരി രക്ഷപെടാൻ കഴിയുകയില്ലെന്ന് കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടർ നേരിട്ട് നടത്തണമെന്നും കാലതാമസം കൂടാതെ ചുറ്റുമതില്‍ നിർമ്മിച്ച് കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നല്‍കിയത്.
വാർത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വനാതിർത്തിയിലുള്ള സ്കുളില്‍ 42 പിഞ്ചുകുഞ്ഞുങ്ങളും എട്ട് അധ്യാപകരുമുണ്ട്. ജില്ലാ കളക്ടറില്‍ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2023 ഫെബ്രുവരി 24 ന് സ്കൂളില്‍ ആന കയറിയെന്നും ജില്ലാ കളക്ടർ നേരിട്ട് പരിശോധന നടത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഡി.എഫ്.ഒ, നെടുമങ്ങാട് തഹസില്‍ദാർ, സ്കൂള്‍ ഹെഡ്മാസ്റ്റർ എന്നിവരുടെ വകുപ്പുതല യോഗം വിളിച്ചുകൂട്ടി. റവന്യൂ റിക്കോർഡ് പ്രകാരം സ്കുളിന് 2.25 ഏക്കർ ഭൂമിയുണ്ടെങ്കിലും നിലവില്‍ സ്കൂളിന്റെ കൈവശത്തില്‍ 45 സെന്റ് മാത്രമേയുള്ളുവെന്നും ജില്ലാ കളക്ടർ അറിയിച്ചു.
യു.പി സ്കൂളിന് 1 ഏക്കർ 10 സെന്റ് ഭൂമി ആവശ്യമുള്ള സാഹചര്യത്തില്‍ 47 സെന്റിന് പുറമേയുളള 63 സെന്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ആവശ്യമില്ല. ഈ ഭൂമി പരിവേശ് പോർട്ടലില്‍ ഉള്‍പ്പെടുത്തി സർക്കാരിന് തീരുമാനമെടുക്കാവുന്നതാണെന്ന് വനം വകുപ്പ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി പരിവേശ് പോർട്ടലില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. പ്രദേശത്ത് വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ സ്വൈര്യവിഹാരം നടത്തുന്നത് നിത്യ സംഭവമാണെന്ന് കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു.