ആസിഫും കൂട്ടരും കേറിയങ്ങ് കൊളുത്തി, വിജയഭേരി മുഴക്കി ‘കിഷ്‍കിന്ധാ കാണ്ഡം’, തിയറ്റര്‍ വിസിറ്റില്‍ നിറഞ്ഞ കയ്യടി

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടനാണ് ആസിഫ് അലി. കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെയാണ് ആസിഫ് ശ്രദ്ധനേടുന്നത്.പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളില്‍ ആസിഫ് നായകനായി തിളങ്ങി. സിനിമാ ജീവിതത്തിന്റെ പതിനഞ്ച് വർഷങ്ങള്‍ പൂർത്തിയാക്കിയ താരം ഇപ്പോള്‍ കരിയറിലെ പീക്ക് ലെവലില്‍ നില്‍ക്കുകയാണെന്ന് നിസംശയം പറയാനാകും. അടുത്തിടെ ഇറങ്ങിയ സിനിമകള്‍ എല്ലാം മികച്ച വിജയം നേടുക മാത്രമല്ല പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തു. ‘കിഷ്‍കിന്ധാ കാണ്ഡം’ എന്ന ചിത്രമാണ് ആസിഫിന്റേതായി നിലവില്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഓണം റിലീസായി തിയറ്ററുകളില്‍ എത്തിയ കിഷ്‍കിന്ധാ കാണ്ഡത്തിന് മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിട്ട. സൈനികോദ്യോഗസ്ഥന്‍ അപ്പു പിള്ളയും അയാളുടെ മകനും വനം വകുപ്പില്‍ ജീവനക്കാരനുമായ അജയചന്ദ്രന്റെയും കഥ പറഞ്ഞ ചിത്രം മികച്ചൊരു ത്രില്ലർ അനുഭവമാണ് പ്രേക്ഷകർക്ക് നല്‍കുന്നത്. ചിത്രത്തെ പുകഴ്ത്തി കൊണ്ട് പ്രമുഖ സംവിധായകൻ അടക്കം രംഗത്ത് എത്തുന്നുണ്ട്. ഈ അവസരത്തില്‍ പ്രമോഷന്റെ ഭാഗമായി തിയറ്ററില്‍ എത്തിയ ആസിഫിനും സംഘത്തിനും വൻ വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ് പ്രേക്ഷകർ.

തിരുവനന്തപുരത്തെ ശ്രീ തിയറ്ററില്‍ ആയിരുന്നു ആസിഫ് അലി, അപർണ ബാലമുരളി, സംവിധായകൻ ദിന്‍ജിത്ത് അയ്യത്താന്‍ അടക്കമുള്ളവർ വിസിറ്റിങ്ങിന് എത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് സംഘത്തെ പ്രേക്ഷകർ സ്വീകരിച്ചതും. സിനിമ സ്വീകരിച്ച പ്രേക്ഷകരോട് നേരിട്ട് വന്ന് നന്ദി പറയാനാണ് തങ്ങള്‍ എത്തിയതെന്നും കാണാത്തവരുണ്ടെങ്കില്‍ അവരോട് വന്ന് കാണാൻ പറയണമെന്നും ആസിഫ് അലി അഭ്യർത്ഥിച്ചു.

അതേസമയം, കളക്ഷനില്‍ മികച്ച പ്രകടനമാണ് കിഷ്‍കിന്ധാ കാണ്ഡം കാഴ്ചവയ്ക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും കളക്ഷനില്‍ വർദ്ധനവാണ് അനുഭവപ്പെടുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം നാല്പത്തിയഞ്ച് ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം നേടിയത്. എന്നാല്‍ രണ്ടാം ദിനം ആയപ്പോഴേക്കും അത് അറുപത്തി ആറ് ലക്ഷത്തില്‍ എത്തി. അങ്ങനെ ആകെ മൊത്തം 1.23 കോടി ആഗോളതലത്തില്‍ രണ്ട് ദിവസത്തില്‍ ചിത്രം നേടിയിട്ടുണ്ട്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നതിനാല്‍ വരും ദിവസങ്ങള്‍ മികച്ച കളക്ഷൻ ചിത്രം നേടുമെന്നാണ് വിലയിരുത്തലുകള്‍.