ദ്രാവിഡിന് പിന്നാലെ ഒരു മുൻ ഇന്ത്യൻ പരിശീലകൻ കൂടി രാജസ്ഥാൻ റോയല്‍സില്‍; ബാറ്റിംഗ് കോച്ചായി എത്തുക വിക്രം റാത്തോര്‍
ജയ്പൂര്‍: മുന്‍ ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചതിന് പിന്നാലെ ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ചായിരുന്ന വിക്രം റാത്തോറിനെ ബാറ്റിംഗ് പരിശീലകനായി നിയമിച്ച് രാജസ്ഥാന്‍ റോയല്‍സ്.അടുത്ത ഐപിഎല്‍ സീസണിലേക്കാണ് റാത്തോറിനെ ബാറ്റിംഗ് കോച്ച് ആയി രാജസ്ഥാന്‍ പ്രഖ്യാപിച്ചത്.
രാഹുല്‍ ദ്രാവിഡിന് കീഴില്‍ വീണ്ടും ജോലി ചെയ്യാൻ ലഭിക്കുന്ന അവസരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നും പ്രതിഭാധനരായ താരങ്ങളുള്ള രാജസ്ഥാനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും റാത്തോര്‍ പ്രതികരിച്ചു. ഇന്ത്യക്കായി ആറ് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റാത്തോര്‍ കഴിഞ്ഞ ടി20 ലോകകപ്പ് വരെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു.
രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ റാത്തോര്‍ ദ്രാവിഡിനു കീഴിലും അതേ പദവയില്‍ തുടര്‍ന്നു. ജൂണില്‍ ടി20 ലോകകപ്പോടെ ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിഞ്ഞതോടെയാണ് റാത്തോറും പടിയിറങ്ങിയത്. ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റതോടെ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായിരുന്ന അഭിഷേക് നായരെ സഹ പരിശീലകനായി നിയമിച്ചിരുന്നു. 2012ല്‍ ദേശീയ സെലക്ടറായും റാത്തോര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.2019നുശേഷമാണ് ദ്രാവിഡ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. 2019ല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായ ദ്രാവിഡ് 2021ലാണ് ദേശീയ ടീമിന്‍റെ പരിശീലകനായത്. ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ 2022ല്‍ സഞ്ജുവിന് കീഴില്‍ റണ്ണേഴ്സ് അപ്പായി. 2023ല്‍ പ്ലേ ഓഫ് ബര്‍ത്ത് നേരിയ വ്യത്യാസത്തില്‍ നഷ്ടമായ രാജസ്ഥാൻ കഴിഞ്ഞ സീസണില്‍ എലിമിനേറ്ററിലാണ് പുറത്തായത്. ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡും റാത്തോഡും കുമാര്‍ സംഗക്കാരയും അടങ്ങുന്ന ടീം മാനേജ്മെന്‍റ് വൈകാതെ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.