ഇറക്കവും വളവും, അടുത്ത് ആഴമേറിയ കൊക്ക; കെഎസ്‌ആ‌ര്‍ടിസുടെ ബ്രേക്ക് പോയി, ഡ്രൈവറുടെ ചങ്കൂറ്റം രക്ഷിച്ചത് 40ഓളം ജീവൻ

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ – തിരുവമ്ബാടി റൂട്ടില്‍ പീടികപ്പാറ വെച്ച്‌ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്.നാല്‍പതില്‍ അധികം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

തിരുവമ്ബാടി ഡിപ്പോയിലെ ഡ്രൈവറും കക്കാടംപൊയില്‍ സ്വദേശിയുമായ പ്രകാശനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്. കക്കാടംപൊയിലില്‍ നിന്ന് തിരുവമ്ബാടിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പീടികപ്പാറയില്‍ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ചാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് റോഡരികിലേക്ക് ബസ് ഇടിച്ച്‌ നിര്‍ത്തുകയായിരുന്നു. സ്ഥിരം അപകട മേഖലയിലാണ് സംഭവം നടന്നത്. ഈ സ്ഥലത്തിന് സമീപം തന്നെ ആഴമേറിയ കൊക്കയുമുണ്ട്. പ്രകാശന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.