മലപ്പുറത്തിനായി ലുലു ഒരുക്കുന്നത് കോഴിക്കോടിനേക്കാള്‍ വലിയ അത്ഭുതമോ? ഇരട്ടമാളുകള്‍ ഉടന്‍ വരും
മലപ്പുറം: ഓണസമ്മാനമായി കോഴിക്കോട്ടെ ലുലു മാള്‍ തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ലുലുമാള്‍ പ്രവർത്തിക്കുന്ന നാലാമത്തെ നഗരമായി കോഴിക്കോട് മാറുകയും ചെയ്തു.കൊച്ചി, തിരുവനന്തപുരം, പാലക്കാട് നഗരങ്ങളില്‍ നേരത്തെ തന്നെ ലുലു മാള്‍ പ്രവർത്തനം ആരംഭിച്ചിരുന്നു.
മാങ്കാവ് റോഡിലെ മാളിന് മികച്ച വരവേല്‍പ്പാണ് കോഴിക്കോട് നിവാസികള്‍ നല്‍കിയത്. കോഴിക്കോടുകാർ മാത്രമല്ല, സമീപ ജില്ലകളിലെ ആളുകളും മാളിലേക്ക് ഒഴുകിയെത്തി. തിരക്കേറിയ റോഡില്‍ മാള്‍ തുറന്ന് പ്രവർത്തിക്കുന്നത് വലിയ ഗതാഗത കുരുക്കിന് ഇടയാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും കാര്യങ്ങള്‍ അത്ര ഗുരുതരമായിട്ടില്ല.
കോഴിക്കോട് മാളിന് പുറമെ മലബാർ കേന്ദ്രീകരിച്ച് കൂടുതല്‍ വികസന പ്രവർത്തനങ്ങള്‍ക്കും ലുലു ഗ്രൂപ്പ് ഒരുങ്ങുന്നുണ്ട്. നിലവിലെ മാളിന്റെ പ്രവർത്തന വിജയം അടിസ്ഥാനമാക്കി മറ്റൊരു വലിയ മാള്‍, ഹോട്ടല്‍, സൈബർ പാർക്ക് തുടങ്ങിയ നിർമ്മിക്കുമെന്നാണ് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി തന്നെ വ്യക്തമാക്കിയത്.
കോഴിക്കോടുകാർക്ക് പുറമെ സമീപ ഭാവിയില്‍ തന്നെ മലപ്പുറം ജില്ലക്കാർക്കും സ്വന്തമായി ലുലു മാളിന്റെ സേവനം ലഭിക്കും. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ, തിരൂർ എന്നിവിടങ്ങളിലായി രണ്ട് മാളുകളാണ് ലുലു ഗ്രൂപ്പ് നിർമ്മിക്കുന്നത്. മാളുകളുടെ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. അടുത്ത വർഷം തന്നെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
3.5 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പെരിന്തല്‍മണ്ണയിലെ മാള്‍ ഒരുങ്ങുന്നത്. അതായത് കോഴിക്കോട് മാളിനേക്കാള്‍ വലുത്. പാലക്കാട് റോഡില്‍ മൂന്നര ലക്ഷം സ്ക്വയർ ഫീറ്റില്‍ ആകെ നാല് നിലകളിലായി അതിവേഗത്തില്‍ മാളിന്റെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. 600 പേർക്ക് ഒരുമിച്ചിരിക്കാവുന്ന ഫുഡ് കോർട്ടും ഹൈപ്പർ മാർക്കറ്റുമൊക്കെ മാളിന്റെ ഭാഗമാണ്.
ജില്ലയിലെ തന്നെ തിരൂരിലും ലുലു മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. തിരൂരില്‍ കുറ്റിപ്പുറം റോഡില്‍ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് മാള്‍ നിർമാണം നടക്കുന്നത്. മിനി മാള്‍ ആണെങ്കിലും എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഉണ്ടാകും.അതേസമയം, കോട്ടയത്തെ ലുലു മാളിന്റെ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിച്ചേക്കും.
മാളിന്റെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് മാസത്തിനകം കോട്ടയത്തെ മാള്‍ തുറക്കുമെന്ന് കോഴിക്കോട് ലുലുമാളിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ എംഎ യൂസഫ് അലി തന്നെ വ്യക്തമാക്കിയിരുന്നു.
നാട്ടകം മണിപ്പുഴ ജംഗ്ഷന് സമീപം എംസി റോഡിന് അരികത്തായാണ് കോട്ടയത്തെ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. മൂന്ന് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലായിരിക്കും പ്രവർത്തനം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ 25 ലധികം ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റുകളും കോട്ടയത്തെ മാളിലുണ്ടാകും. 800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍ ആണ് കോട്ടയം ലുലു മാളിന്റെ പ്രത്യേകത.