രോഹിത് മൂന്നാമത്, ഇന്ത്യയില്‍ ആരാധക പിന്തുണയില്‍ നമ്ബര്‍ വണ്‍ ഇപ്പോഴും ആ താരം; ആദ്യ പത്തില്‍ ഹാര്‍ദ്ദിക്കും

മുംബൈ: ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓര്‍മാക്സ് മീഡിയ. ഓഗസ്റ്റിലെ കണക്കുകളിലും വിരാട് കോലി തന്നെയാണ് ഓര്‍മാക്സ് പുറത്തുവിട്ട ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.ബാറ്റിംഗില്‍ ഫോമിലായില്ലെങ്കിലും സമീപകാലത്തൊന്നും കോലിയുടെ ഒന്നാം സ്ഥാനം ഇളക്കാന്‍ മറ്റൊരു താരത്തിനും ആയിട്ടില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിലും കോലി ബാറ്റു കൊണ്ട് നിരാശപ്പെടുത്തിയിരുന്നു. ആറും, 17ഉം റണ്‍സാണ് കോലി ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ നേടിയത്.

വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്ത്യയിലെ ജനപ്രിയ കായിക താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എം എസ് ധോണിയാണ്. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പട്ടികയില്‍ മൂന്നാമതാണ് ഇടം നേടിയത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ കോലിയെപ്പോലെ രോഹിത്തിനും തിളങ്ങാനായിരുന്നില്ല. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ആണ് ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള ഫുട്ബോള്‍ താരം. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇപ്പോഴും ആദ്യ പത്തിലുണ്ട്. ഓഗസ്റ്റില്‍ ആറാമതാണ് സച്ചിന്‍റെ സ്ഥാനം.

അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിക്ക് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. മെസിയും റൊണാള്‍ഡോയും മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ വിദേശ താരങ്ങള്‍. ഏഴാം സ്ഥാനത്ത് ഒളിംപിക്സ് ജാവലിനില്‍ വെള്ളി നേടിയ നീരജ് ചോപ്ര ഇടം പിടിച്ചപ്പോള്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യൻ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയാണ് എട്ടാം സ്ഥാനത്ത് എത്തിയത്.ഒളിംപിക്സില്‍ നിരാശപ്പെടുത്തിയെങ്കിലും വനിതാ ബാ‍ഡ്മിന്‍റണ്‍ താരം പി വി സിന്ധു ആദ്യ പത്തില്‍ ഇടം നേടി. ഒമ്ബതാം സ്ഥാനത്താണ് സിന്ധു. പത്താം സ്ഥാനത്തുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ആദ്യ പത്തിലുള്ള മറ്റൊരു താരം.