14 മത്സരങ്ങളിലെ ഓസീസിന്‍റെ വിജയക്കുതിപ്പിന് അവസാനം; മൂന്നാം ഏകദിനത്തില്‍ ജയവുമായി ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവ്

ചെസ്റ്റര്‍ ലി സ്ട്രീറ്റ്: 14 തുടര്‍ വിജയങ്ങളുമായി കുതിച്ച ഓസ്ട്രേലിയയെ ഒടുവില്‍ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ഏകദിന പരമ്ബരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഓസീസിനെ 46 റണ്‍സിന് തക‍ർത്ത ഇംഗ്ലണ്ട് ഏകദിന പരമ്ബര നഷ്ടമാകാതെ കാത്തു.അഞ്ച് മത്സര പരമ്ബരയിലെ ആദ് രണ്ട് മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തപ്പോള്‍ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഇംഗ്ലണ്ട് 37.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിലെത്തി നില്‍ക്കെ മഴയെത്തി. തുടര്‍ന്ന് ഡക്‌വ‍ർത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പരമ്ബരയിലെ നാലാം ഏകദിനം വെള്ളിയാഴ്ച ലോര്‍ഡ്സില്‍ നടക്കും. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 304-7, ഇംഗ്ലണ്ട് 37.4 ഓവറില്‍ 254-4.

സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും(110) അര്‍ധസെഞ്ചുറി നേടിയ വില്‍ ജാക്സും(84) ചേര്‍ന്നാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. ലിയാം ലിവിംഗ്സ്റ്റണ്‍ 20 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണർമാരായ ഫില്‍ സാള്‍ട്ടിനെയും(0) ബെന്‍ ഡക്കറ്റിനെയും(8) മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാം ഓവറില്‍ പുറത്താക്കിയതോടെ 11-2ലേക്ക് വീണ ഇംഗ്ലണ്ടിനെ ബ്രൂക്ക്-ജാക്സ് സഖ്യം 156 റണ്‍സ് കൂട്ടുകെട്ടിലൂടെ കരയറ്റുകയായിരുന്നു. ജാക്സ് പുറത്തായശേഷം ജാമി സ്മിത്തിനെ(7) കൂടി നഷ്ടമായെങ്കിലും ലിവിംഗ്‌സ്റ്റണിന്‍റെ പിന്തുണയില്‍ തകര്‍ത്തടിച്ച ബ്രൂക്ക് സെഞ്ചുറി നേടി ടീമിനെ ജയത്തിലെത്തിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയാണ് ടോപ് സ്കോററായത്.65 പന്തില്‍ 77 റണ്‍സെടുത്ത ക്യാരിയുയുടെയും സ്റ്റീവ് സ്മിത്തിന്‍റെയും(60) അര്‍ധസെഞ്ചുറികളും കാമറൂണ്‍ ഗ്രീന്‍(42), ആരോണ്‍ ഹാ‍ർഡി(26 പന്തില്‍ 44), ഗ്ലെന്‍ മാക്സ്‌വെല്‍(30) എന്നിവരുടെ ബാറ്റിംഗുമാണ് ഓസീസിനെ 300 കടത്തിയത്. മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ് ഓസിസ് ടീമിലുണ്ടായിരുന്നില്ല.