‘ലോറിയിലെ മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന’, കാണാതായ 2 പേര്‍ക്കായി തിരച്ചില്‍ തുടരും: കാര്‍വാര്‍ എംഎല്‍എ

ബെംഗ്ളൂരു : ലോറിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍.മംഗ്ളൂരുവില്‍ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎല്‍എ വ്യക്തമാക്കി.

ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേർക്കായി തിരച്ചില്‍ തുടരും. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചില്‍ തുടരുക.ദൌത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും എംഎല്‍എ നന്ദി പറഞ്ഞു. നിങ്ങളുളളതിനാലാണ് ഇത്തരത്തില്‍ ശ്രമകരമായ തിരച്ചിലിങ്ങനെ ഉണ്ടായത്. നിങ്ങളുടെ നിരന്തര പ്രേരണയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്നും എംഎല്‍എ വ്യക്തമാക്കി. നേരത്തെ ചിലർ കരയിലാണ് മൃതദേഹമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ മണ്ണിടിഞ്ഞ് വീണ കരയില്‍ പരിശോധിച്ചു. അന്നും നദിയിലാണ് മൃതദേഹമെന്നാണ് ഞങ്ങള്‍ പറഞ്ഞതെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ലോറിയടക്കം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.