Fincat

ഓര്‍മയുടെ ആഴങ്ങളില്‍ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി, വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കാരം

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി.വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.

അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്ബോള്‍ ഒരു നാട് മാത്രമല്ല മലയാളികളൊന്നാകെയാണ് കണ്ണീരണിഞ്ഞത്. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി അര്‍ജുൻ മാറിയിരുന്നു. ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.

മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച്‌ വിലാപയാത്ര ഒമ്ബതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച്‌ പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച്‌ സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നല്‍കി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവർക്കുമായി പൊതുദർശനം നടന്നു. അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്തിമോപചാരമര്‍പ്പിച്ചത്. ഈശ്വര്‍ മല്‍പെയും അന്തിമോപചാരമര്‍പ്പിച്ചു.

വഴിയിലുടനീളം അർജുന് ആദരം

കേരളത്തിന്‍റെ ആകെ നൊമ്ബരമായാണ് 74 ദിവസങ്ങള്‍ക്ക് ശേഷം അർജുൻ മടങ്ങിയത്. കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കില്‍ കൂടിയും തീരാ നൊമ്ബരമായ പ്രിയപ്പെട്ട അർജുന് ജനം ആദരാഞ്ജലി അർപ്പിച്ചു.

കോഴിക്കോട് ജില്ലാ അതിർത്തിയില്‍ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎല്‍എയും ജില്ല കളക്ടർ സ്നേഹില്‍ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വെച്ച്‌ മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്ബടിയോടെ വിലാപയാത്രയായി രാവിലെ ഒമ്ബതരയോടെയാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പേയും വിലാപയാത്രയ്ക്കൊപ്പം അര്‍ജുന്‍റെ വീട്ടിലെത്തി. മന്ത്രി കെബി ഗണേഷ് കുമാറും അന്തിമോപചാരമര്‍പ്പിച്ചു.