വീട്ടില്‍വെച്ച് പ്രസവ വേദന, പിന്നാലെ കുഞ്ഞിന് ജന്മം നല്കി; മലപ്പുറത്ത് യുവതിക്ക് രക്ഷകരായി ആംബുലൻസ് ജീവനക്കാര്‍
മലപ്പുറം: വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊല്‍ക്കത്ത സ്വദേശിയും നിലവില്‍ മലപ്പുറം ഹാജിയാർ പള്ളിയില്‍ താമസവുമായ നൂറുദ്ദീൻ്റെ ഭാര്യ മീന ബീവി (30) ആണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുള്ളവർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
തുടർന്ന് വിവരം അറിഞ്ഞ ആശാ വർക്കർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് വിശാഖ് സി, എമർജൻസി മെഡിക്കല്‍ ടെക്നീഷ്യൻ രമേശ് ആർ എനിവർ സ്ഥലത്തെത്തി.
പിന്നീട് രമേശ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്കി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് വിശാഖ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുകള്‍ അറിയിച്ചു.