സര്‍ക്കാര്‍ നല്‍കാനുള്ളത് 100 കോടിയിലേറെ രൂപ; 108 ആംബുലൻസ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനാവില്ലെന്ന് കരാര്‍ കമ്ബനി
കൊച്ചി: സർക്കാരില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി കവിഞ്ഞതോടെ 108 ആംബുലൻസ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്ബള വിതരണം അനിശ്ചിതത്വത്തില്‍.കുടിശിക തുക ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്ബളം നല്‍കാൻ കഴിയില്ല എന്ന നിലപാടിലാണ് കരാർ കമ്ബനി. വരും ദിവസങ്ങളില്‍ ഇത് പദ്ധതിയെ ബാധിക്കും എന്നും ആശങ്ക ഉയരുന്നു.
സംസ്ഥാന സർക്കാർ 2019ല്‍ ആവിഷ്കരിച്ച പദ്ധതിയാണ് കനിവ് 108 ആംബുലൻസ് പദ്ധതി. 5 വർഷത്തെ ടെൻഡർ വ്യവസ്ഥയില്‍ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്ബനിക്ക് ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മെയ് 3നു ഈ കമ്ബനിയുമായുള്ള കരാർ കാലാവധി അവസാനിച്ചെങ്കിലും ഓഗസ്റ്റ് 4 വരെ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേരള മെഡിക്കല്‍ സർവീസസ് കോർപറേഷൻ ഇത് നീട്ടി നല്‍കിയിരുന്നു. ഓഗസ്റ്റ് 4നു ഇതും അവസാനിച്ചു. നിലവില്‍ കരാർ ഇല്ലാതെ ആണ് സ്വകാര്യ കമ്ബനിയുടെ പ്രവർത്തനം.
2023 ഡിസംബർ മുതല്‍ പദ്ധതിയുടെ നടത്തിപ്പ് ഇനത്തില്‍ 100 കോടിയിലേറെ രൂപയാണ് സർക്കാർ സ്വകാര്യ കമ്ബനിക്ക് നല്‍കാൻ കുടിശിക ഉള്ളത്. സമയബന്ധിതമായി കുടിശിക തുക ലഭിക്കാതെ വന്നതോടെ പോയ മാസങ്ങളില്‍ പല തവണ സ്വകാര്യ കമ്ബനി ജീവനക്കാർക്ക് ശമ്ബളം നല്‍കാൻ കാലതാമസം ഉണ്ടാക്കിയിരുന്നു. പല തവണ സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ സൂചന സമരം നടത്തി. കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബർ മാസത്തെ ശമ്ബളം നല്‍കാൻ കഴിയില്ല എന്ന നിലപാടില്‍ ആണ് കരാർ കമ്ബനി.
സംസ്ഥാന സർക്കാരിന്‍റെ 60 ശതമാനം വിഹിതം, കേന്ദ്ര സർക്കാരിന്‍റെ 40 ശതമാനം വിഹിതം എന്നിങ്ങനെയാണ് പദ്ധതിയുടെ നടത്തിപ്പ്. ഇതില്‍ നടപ്പ് സാമ്ബത്തിക വർഷം സംസ്ഥാന സർക്കാരിന്‍റെ വിഹിതം ലഭിക്കാത്തതും കേന്ദ്ര വിഹിതം കുടിശിക ഉള്ളതും ആണ് പ്രതിസന്ധിക്ക് കാരണമായി അധികൃതർ പറയുന്നത്. നിലവില്‍ 317 ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകള്‍ ആണ് സംസ്ഥാനത്ത് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്.
പ്രതിവർഷം ശരാശരി 110 കോടിയിലേറെ രൂപയാണ് ഈ ഇനത്തില്‍ കേരള മെഡിക്കല്‍ സർവീസസ് കോർപറേഷൻ കരാർ കമ്ബനിക്ക് നല്‍കുന്നത്. ഈ തുകയുടെ പകുതി ചിലവില്‍ ഐ.സി.യു ആംബുലൻസുകള്‍ ഉള്‍പ്പടെ ഇരട്ടി ആംബുലൻസുകള്‍ സർവീസ് നടത്താൻ തങ്ങള്‍ സജ്ജമാണെന്ന് സ്വകാര്യ ആംബുലൻസ് സംഘടനകള്‍ സംസ്ഥാന സർക്കാരിന് കത്ത് നല്‍കിയിരുന്നുയെങ്കിലും ഇത് അവഗണിച്ചതായി ആക്ഷേപം ഉണ്ട്. കൂടാതെ 2021ല്‍ ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന ആംബുലൻസുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ മാതൃകയില്‍ ആംബുലൻസ് പദ്ധതി നടത്തുന്നത് ചെലവ് കുറയ്ക്കും എന്ന ധനകാര്യ വകുപ്പിന്‍റെ ശുപാർശയും ചെവിക്കൊണ്ടില്ല എന്ന ആക്ഷേപവുമുണ്ട്.