5 ദിവസം പ്രായം; അമ്മത്തൊട്ടിലിലെ 608ാമത്തെ കുഞ്ഞതിഥിക്ക് ഒലീവയെന്ന് പേരിട്ടു

തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ 608ാമത്തെ കുഞ്ഞെത്തി. 5 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് ഒലീവ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.കഴിഞ്ഞ മെയ് മാസത്തിലാണ് 600ാമത്തെ കുഞ്ഞ് അമ്മത്തൊട്ടിലില്‍ എത്തിയത്. ഏഴ് മാസമായിരുന്നു പ്രായം.

2002 നവംബർ 14 നാണ് തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നില്‍ അമ്മത്തൊട്ടില്‍ പ്രവർത്തനമാരംഭിക്കുന്നത്. ആദ്യമെത്തിയവള്‍ക്ക് പ്രഥമ എന്നായിരുന്നു പേര്. സനാഥത്വത്തിന്‍റെ തണലിലേക്ക് എത്തിയ നൂറാമത്തെ അതിഥിക്ക് പേരിട്ടത് ശതശ്രിയെന്നാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ 599-ാമത്തെ അതിഥിക്ക് ‘മഴ’ എന്നായിരുന്നു പേരിട്ടത്.

2024 ല്‍ ഇതുവരെയായി 25 കുഞ്ഞുങ്ങളെ അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് സന്തോഷകരമായി യാത്രയയ്ക്കാൻ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങള്‍ പുതിയ മാതാപിതാക്കളുടെ കയ്യും പിടിച്ച്‌ പോകുന്നത് സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഏറെ ആഹ്ലാദകരമായ കാഴ്ചയാണ്.