തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; പോഷ് കംപ്ലയന്റ്സ് പോര്‍ട്ടലിലൂടെ 10,307 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്‌ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്റ്സ് പോർട്ടലിലൂടെ 10,307 സ്ഥാപനങ്ങള്‍ രജിസ്റ്റർ ചെയ്തതായി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ്.ഇതില്‍ 5,440 സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. മേഖല അടിസ്ഥാനത്തില്‍ ആക്‌ട് സംബന്ധിച്ച ബോധവത്ക്കരണം നല്‍കും. എല്ലാ സ്ഥാപനങ്ങളിലും നിയമാനുസൃത കമ്മിറ്റികള്‍ രൂപീകരിക്കാൻ തീവ്ര യജ്ഞ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് കംപ്ലയന്റ്സ് പോർട്ടല്‍ സജ്ജമാക്കിയത്. 10 ജീവനക്കാരിലധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണല്‍ കമ്മിറ്റി നിലവിലുണ്ടായിരിക്കേണ്ടതാണ്. പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താല്‍ക്കാലികം) തൊഴിലിടങ്ങളിലെ സ്ഥാപന മേധാവികള്‍ / തൊഴിലുടമകള്‍ എന്നിവർ അവരുടെ ഇന്റേണല്‍ കമ്മിറ്റി വിവരങ്ങള്‍, ഇന്റേണല്‍ കമ്മിറ്റിയില്‍ ലഭിച്ച പരാതികളുടെ എണ്ണം, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. പത്തില്‍ താഴെ ജീവനക്കാരുള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവർ കളക്ടറേറ്റിലെ ലോക്കല്‍ കമ്മിറ്റിയില്‍ സമർപ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കല്‍ കമ്മിറ്റി വിവരങ്ങള്‍, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അതാതു ജില്ലാ കളക്ടർ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ അല്ലെങ്കില്‍ ഉദ്യോഗസ്ഥ പോർട്ടലില്‍ അപ്ഡേറ്റ് ചെയ്യണം. സ്ഥാപന മേധാവികള്‍/ തൊഴിലുടമകള്‍ക്കെതിരായ പരാതിയാണെങ്കില്‍ അത് ലോക്കല്‍ കമ്മിറ്റിയില്‍ നല്‍കണമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ആവിഷ്‌ക്കരിച്ചത്. ഏതൊക്കെ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ലെന്ന് അറിയാൻ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ എല്ലാ ഇന്റേണല്‍ കമ്മിറ്റികളുടേയും പ്രവർത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും വകുപ്പിന് സാധിക്കുമെന്നും സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും കഴിയുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.