സിദ്ദിഖിനെ 12-ന്‌ വീണ്ടും ചോദ്യംചെയ്യും; ജയസൂര്യ 15-ന്‌ ഹാജരാകണം

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രത്യേക അനേ്വഷണ സംഘത്തിന്‌ മുന്നില്‍ ഹാജരായ നടന്‍ സിദ്ദിഖിനെ ശനിയാഴ്‌ച വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി വിട്ടയച്ചു.

സിദ്ദിഖിനോട്‌ ചില രേഖകള്‍ ഹാജരാക്കാന്‍ അനേ്വഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതില്ലാതെയായിരുന്നു സിദ്ദിഖ്‌ എത്തിയത്‌.

തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ്‌ ആദ്യം ചോദ്യം ചെയ്യലിനായി സിദ്ദിഖ്‌ എത്തിയത്‌. എന്നാല്‍, കണ്‍റ്റോണ്‍മെന്റ്‌ അസി. കമ്മിഷണറുടെ ഓഫീസിനോട്‌ ചേര്‍ന്നുള്ള കണ്‍ട്രോള്‍ റൂമിലേക്ക്‌ എത്താനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്‌. പരാതിക്കാരിയുടെ ആരോപണം സിദ്ദിഖ്‌ നിഷേധിച്ചു. എന്നാല്‍ ഇതു തെളിയിക്കാന്‍ കൈവശമുണ്ടെന്ന്‌ പറയുന്ന വാട്‌സാപ്പ്‌ ചാറ്റ്‌ അടക്കമുള്ള രേഖകള്‍ സിദ്ദിഖിന്റെ കൈയിലുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെ വിശദ മൊഴിയെടുപ്പുണ്ടായില്ല. രേഖകളുമായി 12നു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. രണ്ടരമണിക്കൂറിന്‌ ശേഷമാണ്‌ സിദ്ദിഖ്‌ മടങ്ങിയത്‌.

യുവനടിയുടെ പരാതിയിലാണ്‌ സിദ്ദിഖിനെതിരേ ബലാത്സംഗത്തിന്‌ കേസെടുത്തിരിക്കുന്നത്‌. സിനിമാ ചര്‍ച്ചയ്‌ക്കായി മാസ്‌കോട്ട്‌ ഹോട്ടലിലേക്ക്‌ വിളിച്ചുവരുത്തി പൂട്ടിയിട്ട്‌ പീഡിപ്പിച്ചെന്നാണ്‌ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പോലീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. പരാതിക്കാരിയെ തിരുവനന്തപുരത്ത്‌ കണ്ടിരുന്നതായി സിദ്ദിഖ്‌ തന്നെ സമ്മതിച്ചിട്ടുണ്ട്‌. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഒളിവില്‍ പോയ സിദ്ദിഖ്‌, സുപ്രീംകോടതി അറസ്‌റ്റ്‌ താത്‌ക്കാലികമായി തടഞ്ഞതോടെയാണ്‌ വീണ്ടും പുറത്തെത്തിയത്‌. അതിനുശേഷം ചോദ്യം ചെയ്യലിന്‌ ഹാജരാകാനുള്ള സമ്മതം അനേ്വഷകരെ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇന്നലെ എത്താന്‍ അനേ്വഷണ സംഘം നിര്‍ദ്ദേശിച്ചത്‌. മ്യൂസിയം പോലീസാണ്‌ സിദ്ദിഖിനെതിരേ കേസെടുത്തിരിക്കുന്നത്‌.

അതേസമയം, പീഡനപരാതിയില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്നാവശ്യപ്പെട്ട്‌ നടന്‍ ജയസൂര്യയ്‌ക്ക്‌ നോട്ടീസ്‌ അയച്ചു. ഇൗ മാസം 15ന്‌ തിരുവനന്തപുരം കന്റോണ്‍മെന്റ്‌ സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ്‌ നിര്‍ദേശം.

സെക്രട്ടേറിയറ്റിലെ ഷൂട്ടിങ്ങിനിടെ കടന്നു പിടിച്ചെന്ന ആലുവ സ്വദേശിയായനടിയുടെ പരാതിയിലാണ്‌ അനേ്വഷണ സംഘത്തിന്റെ നീക്കം.തിരുവനന്തപുരം കന്റോണ്‍മെന്റ്‌ പോലീസ്‌ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്‌ ജയസൂര്യക്ക്‌ എതിരെ കേസെടുത്തത്‌. ലൈംഗികാതിക്രമം, സ്ര്‌തിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ്‌ ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്‌.