Fincat

അക്വേറിയം പൊട്ടിത്തെറിച്ചു, തൂണിലെ ടൈലുകള്‍ തകര്‍ന്നു, വയറിങ് കത്തിനശിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: പേരാമ്ബ്രയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം. പാലേരിയില്‍ കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാനന്ദന്റെ വീട്ടിലും മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി കുങ്കച്ചന്‍കണ്ടി നാരായണന്റെ വീട്ടിലുമാണ് നാശനഷ്ടമുണ്ടായത്.വീട്ടിലെ സിറ്റൗട്ടിലെ തൂണിന് സമീപത്ത് ഇരുന്നിരുന്ന സദാനന്ദനും സുഹൃത്തും എഴുന്നേറ്റ ഉടനെയാണ് തൂണിന് താഴ്ഭാഗത്തായി മിന്നലേറ്റത്. അടിഭാഗത്തെ ടൈലുകളെല്ലാം ചിതറിത്തെറിച്ചു. വീട്ടിലെ വയറിങ്ങ് പൂര്‍ണമായും കത്തിനശിച്ചു. അക്വേറിയവും തകര്‍ന്നിട്ടുണ്ട്.

നാരായണന്റെ വീട്ടിലെ ജനല്‍പ്പാളികള്‍ ഇടിമിന്നലില്‍ പൊട്ടിത്തകര്‍ന്നു. ചുവരില്‍ വലിയ വിള്ളല്‍ വീണിട്ടുണ്ട്. വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും നശിച്ചവയില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.