കേന്ദ്ര റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ മികവിന് കേരളം മുന്നില്‍; പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടില്‍ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഗ്രാമ നഗര വ്യത്യാസമില്ലാതെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ശാരീരിക പരിമിതികള്‍ മൂലമാണ് അവശേഷിക്കുന്ന വിദ്യാർത്ഥികള്‍ സ്‌കൂളുകളില്‍ എത്താത്തത്. ഇവർക്ക് വീടുകളില്‍ ചെന്ന് വിദ്യാഭ്യാസം നല്‍കാനുള്ള സൗകര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മികവില്‍ കേരളത്തെ എത്തിച്ച അധ്യാപക സമൂഹത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തിലെ എല്ലാ മാതാപിതാക്കളും മക്കളെ സ്‌കൂളില്‍ അയച്ചു പഠിപ്പിക്കാൻ താല്‍പര്യം പ്രകടിപ്പിക്കുന്നൂ എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ മികവിന് താങ്ങായുള്ളത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കൂടിയാണ്. അവരെയും അഭിനന്ദിക്കുന്നതായും മന്ത്രി വാർത്താക്കുറിപ്പില്‍ പറഞ്ഞു.