കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പെട്ട ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്.ആവശ്യമെങ്കില്‍ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു.
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും രണ്ട് താരങ്ങളും മൊഴി നല്‍കിയിരുന്നു. ഓം പ്രകാശിന്റെ മുറിയിലെത്തിയ കുറച്ചു പേരുടെ കൂടി മൊഴിയെടുക്കാനുണ്ട്. ഇവരുടെ മൊഴികളും താരങ്ങളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യം കണ്ടെത്തിയാലും മറ്റ് എന്തെങ്കിലും തെളിവു കിട്ടിയാലും മാത്രമാകും ഇനി ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും വിളിപ്പിക്കുക. കേസില്‍ ഇതുവരെ ഇരുവർക്കുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല.
ഹോട്ടലില്‍ എത്തിച്ച ബിനുവുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കിയിരുന്നു. ഈ ഇടപാടുകളെ പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടല്‍ മുറിയിലെ ഫോറൻസിക്ക് പരിശോധന റിപ്പോർട്ടിനും കാത്തിരിക്കുകയാണു അന്വേഷണസംഘം. മറ്റ് സിനിമാതാരങ്ങളാരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷൻ മേഖലയില്‍ പ്രവർത്തിക്കുന്ന കലാകാരില്‍ ഒരാള്‍ അതേ ദിവസം മരടിലെ ആഢംബര ഹോട്ടലില്‍ വന്നിരുന്നെങ്കിലും ലഹരിപാർട്ടിക്കെത്തിയതായി ഇതുവരെ സൂചനയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.