നടുറോഡില്‍ യുവാവ് പെട്രോളൊഴിച്ച്‌ തീ കൊളുത്തി; മെ‍ഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ അനാസ്ഥയ്ക്ക് ഇരയായി

തിരുവനന്തപുരം: പൂജപ്പുരയില്‍ നടുറോഡില്‍ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. കരകുളം സ്വദേശി ബൈജു ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി.പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് വിവരം. രണ്ട് മക്കളുമായാണ് ബൈജു പൂജപ്പുരയില്‍ എത്തിയത്. പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും തീപ്പൊള്ളലേറ്റു.

യുവാവിനെ രക്ഷിച്ച്‌ മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ വൈകി. ശരീരം മുഴുവൻ പൊള്ളലേറ്റ യുവാവിന് ട്രോളിയും സ്ട്രച്ചറും ലഭിച്ചില്ല. രോഗിയെ ഏറ്റെടുക്കാൻ അറ്റൻ്ററും സ്ഥലത്തുണ്ടായിരുന്നില്ല. മിനിട്ടുകളോളം അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിലത്തിരിക്കേണ്ടി വന്നു.