പരിക്ക്, കിവീസിനെതിരെ ആദ്യ ടെസ്റ്റിന് മുമ്ബ് ഇന്ത്യക്ക് തിരിച്ചടി! പ്രധാന താരത്തിന് സര്‍ഫറാസ് പകരക്കാരനാവും

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രധാന ബാറ്റര്‍മാരില്‍ ഒരാളായ ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല.കഴുത്ത് വേദനയാണ് താരത്തെ അലടുന്ന പ്രശ്‌നം. നിര്‍ക്കെട്ടുള്ളതിനാല്‍ താരത്തിന് ആദ്യ മത്സരം നഷ്ടമായേക്കും. ഇക്കാര്യത്തില്‍ നാളെ മാത്രമെ ഔദ്യോഗിക തീരുമാനമെടുക്കൂ. ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്ബറിലാണ് താരം കളിക്കുന്നത്. ഗില്‍ കളിക്കുന്നില്ലെങ്കില്‍ സര്‍ഫറാസ് ഖാന്‍ അല്ലെങ്കില്‍ ധ്രുവ് ജുറെല്‍ എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. കെ എല്‍ രാഹുലിന് മൂന്നാം നമ്ബറിലേക്ക് സ്ഥാനക്കയറ്റം നല്‍കും.

ബംഗ്ലാദേശിനെതിരായ ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നു ഗില്‍. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി സെഞ്ചുറി നേടിയ ഗില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. പകരക്കാരനാവാന്‍ ഏറ്റവും യോഗ്യന്‍ സര്‍ഫറാസ് തന്നെയാണ്. ഇറാനി കപ്പിലെ ഇന്നിംഗ്‌സ് തന്നെ അതിന് കാരണം. ഈ മാസം ആദ്യം റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരായ ഇറാനി കപ്പില്‍ മുംബൈക്ക് വേണ്ടി 222 റണ്‍സ് അടിച്ചെടുത്തിരുന്നു സര്‍ഫറാസ്. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്.

ബെംഗളൂരുവില്‍ നിന്ന് നിരാശപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തകൂടിയുണ്ട്. ഇന്ന് രാവിലെ മുതല്‍ ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ മഴ ഉടനെയൊന്നും ശമിക്കുന്ന ലക്ഷണമില്ല. മഴ മൂലം ഇരു ടീമുകളുടെയും ഇന്നത്തെ പരീശീലനം മുടങ്ങിയിരുന്നു. അതേസമയം, രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഡ്രെയിനേജ് സംവിധാനങ്ങളുള്ള സ്റ്റേഡിയമാണ് ചിന്നസ്വാമിയിലേതെന്നാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

വരും ദിവസങ്ങളിലും ബെംഗളൂരുവില്‍ മഴയുണ്ടാകുമെന്നാണ് കാലവസ്ഥാ പ്രവചനം. ടെസ്റ്റിന്റെ നാലു ദിവസവും മഴ പെയ്യുമെന്നാണ് പ്രനചനം. ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റും മഴമൂലം തടസപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തിരുന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്ബരക്ക് മുമ്ബെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്ബര തൂത്തുവാരേണ്ടതുണ്ട്. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് രചിന്‍ രവീന്ദ്രയുടെ ഫോമിലാണ് പ്രതീക്ഷ.