സുഹൃത്ത് പറമ്ബിലെ വേലി ചാടിയത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്യല്‍ അവസാനിച്ചത് കത്തിക്കുത്തില്‍, ഗുരുതര പരിക്ക്

വള്ളികുന്നം: ആലപ്പുഴയില്‍ പുരയിടത്തിലെ വേലി ചാടിക്കടന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍.സംഭവുമായി ബന്ധപ്പെട്ട് താമരക്കുളം കണ്ണനാകുഴി രാജേഷ് ഭവനത്തില്‍ രാജേഷിനെ (35)വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനാകുഴി എംജിഎം നഗർ കോളനിയില്‍ റെജിയുടെ പുരയിടത്തിലേക്കുള്ള വേലി രാജേഷിന്റെ സുഹൃത്ത് റെജി ചാടിക്കടന്നു. ഇത് സംബന്ധിച്ച്‌ റെജിയും രാജേഷും തമ്മില്‍ തർക്കമുണ്ടാവുകയും തർക്കത്തിനിടയില്‍ രാജേഷ് റെജിയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.

വലതു തോളില്‍ ആഴത്തില്‍ മുറിവേറ്റ റെജിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഓടിയൊളിക്കുവാൻ ശ്രമിച്ച രാജേഷിനെ, സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.

വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ ടി ബിനുകുമാര്‍, പൊലീസ് സബ് ഇൻസ്പെക്ടർ കെ ദിജേഷ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ എ എം റോഷിത്, സി എം ഷൈജു, സന്തോഷ്, അൻഷാദ് സിവില്‍ പൊലീസ് ഓഫീസറായ എ അബ്ദുള്‍ ജവാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.