സിറ്റി പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ സഹായിച്ചു, യുവതിയുടെ നഷ്ടപ്പെട്ട ചെയിൻ കണ്ടെത്തി
തൃശൂർ: സിറ്റി പൊലീസിന് കീഴില്‍ നഗരത്തില്‍ സ്ഥാപിച്ച ക്യാമറ കണ്ണുകള്‍ യുവതിയുടെ നഷ്ടപ്പെട്ട കൈചെയിൻ കണ്ടെത്താൻ സഹായകരമായി.ചേലക്കര എളനാട് സ്വദേശിനിയായ യുവതിയുടെ ഒരു പവൻ വരുന്ന ചെയിനാണ് തൃശൂർ സിറ്റി പൊലീസ് നഗരത്തില്‍ സ്ഥാപിച്ച ക്യാമറ കണ്ണുകളിലൂടെ പരിശോധിച്ചപ്പോള്‍ തിരികെ ലഭിച്ചത്.
ചേലക്കരയില്‍ നിന്നും സ്വകാര്യ ബസ്സില്‍ തൃശ്ശൂരില്‍ വന്നിറങ്ങി ഓട്ടോറിക്ഷയില്‍ കയറി കൊടകരയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയാണ് യുവതിയുടെ കൈചെയിൻ നഷ്ടപ്പെട്ടത്. യുവതി ആദ്യം കൊടകര പോലീസ് സ്റ്റേഷനിലാണ് പരാതി പറഞ്ഞത്. എന്നാല്‍ കൊടകര പൊലീസ് സംഭവം നടന്ന സ്ഥലമായ തൃശൂരില്‍ പരാതി നല്‍കാൻ പറഞ്ഞു. ഉച്ചയോടെ തൃശൂരില്‍ എത്തി യുവതി പരാതി നല്‍കി.
ഉടൻ തന്നെ പൊലീസ് ക്യാമറ സംവിധാനത്തിലൂടെ നടത്തിയ തിരച്ചിലില്‍ സ്വകാര്യ ബസ്സില്‍ വന്നിറങ്ങിയ യുവതി ഓട്ടോറിക്ഷയില്‍ കയറുമ്ബോള്‍ കൈയ്യില്‍ ചെയിൻ ഉണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് കെ എസ് ആർ ടി സി സ്റ്റാൻഡില്‍ ഇറങ്ങി കൊടകരയിലേക്ക് ബസ് കാത്തു നില്‍ക്കുന്ന സമയത്ത് യുവതിയുടെ കയ്യില്‍ ചെയിൻ ഉണ്ടായിരുന്നില്ല.
തുടർന്ന് ഓട്ടോറിക്ഷ കണ്ടെത്താൻ ശ്രമം നടത്തി. ഓട്ടോറിക്ഷ ഡ്രൈവറെ ഫോണില്‍ വിളിച്ചപ്പോള്‍ വണ്ടിയില്‍ നിന്നും ചെയിൻ കിട്ടിയിട്ടില്ലന്നാണ് മറുപടി പറഞ്ഞത്. പോലീസ് വീണ്ടും ക്യാമറ പരിശോധിച്ച് നടത്തിയ തെരച്ചിലിനൊടുവില്‍ ഓട്ടോറിക്ഷയില്‍ തന്നെയാണ് പോയതെന്ന് വ്യക്തമായി. ഉച്ചയോടെ പോലീസ് ഓട്ടോറിക്ഷ ഡ്രൈവറെ ക്യാമറ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു വരുത്തി. അപ്പോള്‍ ഡ്രൈവറുടെ കയ്യില്‍ ചെയിനുണ്ടായിരുന്നു. വണ്ടിയില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ചെയിൻ കണ്ടെത്തിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ക്യാമറ കണ്‍ട്രോള്‍ ഓഫീസില്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ സ്വർണം യുവതിക്ക് കൈമാറി.