ആഗോള ആരോഗ്യമേള ഇന്ന് അവസാനിക്കും; 5,000 കോടി റിയാലിന്‍റെ നിക്ഷേപ കരാറുകള്‍

റിയാദ്: സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ഏഴാമത് ത്രിദിന ആഗോള ആരോഗ്യമേള (ഗ്ലോബല്‍ ഹെല്‍ത്ത് 2024)ന് റിയാദില്‍ ഇന്ന് അവസാനിക്കും.’ആരോഗ്യത്തില്‍ നിക്ഷേപിക്കുക’ എന്ന തലവാചകത്തില്‍ വടക്കൻ റിയാദിലെ മല്‍ഹം മേഖലയിലെ എക്സിബിഷൻ ആൻഡ് കണ്‍വെൻഷൻ സെൻററില്‍ തിങ്കളാഴ്ച ആരംഭിച്ച മേളയാണ് ബുധനാഴ്ച അവസാനിക്കുന്നത്. രാജ്യത്ത് ഇതുവരെ നടന്നതില്‍ വെച്ച്‌ ഏറ്റവും വലിയ ആരോഗ്യ മേളയാണ് ഇത്. ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജല്‍ ആരോഗ്യമേഖലയില്‍ 5,000 കോടി റിയാല്‍ മൂല്യമുള്ള നിക്ഷേപ കരാറുകള്‍ പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയുടെ നവീകരണം, ഡിജിറ്റല്‍ പരിഹാരങ്ങള്‍, ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു കേന്ദ്രമായി സൗദി അറേബ്യ പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ നിക്ഷേപം കുതിച്ചുയർന്നിട്ടുണ്ട്. 2023 അവസാനത്തോടെ 1.2 കോടിയിലധികം ആളുകള്‍ ഇൻഷുർ ചെയ്യപ്പെട്ടു. 2011-ല്‍ ഇത് 30 ലക്ഷം ആളുകള്‍ മാത്രമായിരുന്നു. 2030-ഓടെ മൂല്യം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നിക്ഷേപ ഇടപാടുകള്‍ക്ക് പുറമേ, ഗവേഷണം, നവീകരണം, ആരോഗ്യപരിപാലന പ്രഫഷനലുകളുടെ വികസനം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന സർവകലാശാലകള്‍, ഹെല്‍ത്ത് കെയർ സ്ഥാപനങ്ങള്‍, സ്വകാര്യമേഖല എന്നിവ തമ്മിലുള്ള സഹകരണം ഉള്‍പ്പെടെ ആരോഗ്യമേഖലയിലുടനീളമുള്ള നിരവധി തന്ത്രപരമായ പങ്കാളിത്തങ്ങളും മറ്റ് കരാറുകളും ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചു.
ലോകത്തിെൻറ വിവിധ കോണുകളില്‍നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ദ്ധർ, നിക്ഷേപകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരാണ് ഗ്ലോബല്‍ ഹെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 40 രാജ്യങ്ങളില്‍ നിന്നായി 1200-ലധികം ഉത്പന്നങ്ങള്‍ മൂന്ന് ദിവസത്തെ പരിപാടിയില്‍ പ്രദർശനത്തിനുണ്ട്. വിവിധ സെഷനുകളിലായി അഞ്ഞൂറിലേറെ പ്രഭാഷകർ സംസാരിക്കുന്നുണ്ട്. രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലെ നിരവധി സുപ്രധാന നിക്ഷേപങ്ങള്‍ കൊണ്ട് വരുന്നതിനും കൂടുതല്‍ ഊർജസ്വലവും സമൃദ്ധവുമായ ആരോഗ്യ സമ്ബദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും മേള അവസരമൊരുക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ കമ്ബനികള്‍ അവരുടെ ഏറ്റവും പുതിയ മെഡിക്കല്‍ ഉപകരണങ്ങളും മെഷീനുകളും പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ആശുപത്രികള്‍ പോളിക്ലിനിക്കുകള്‍ ഫർമസികള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയറുകളുകളും മറ്റ് ഐ.ടി ബിസിനസ് സൊലൂഷനുകളും പരിചയപ്പെടാനും വാങ്ങുന്നതിനുമുള്ള അവസരമാണിത്.