ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം
പൊന്നാനി: ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം. പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ട പാലമാണ് യാത്രക്കാർക്കായി തുറന്ന് നല്‍കിയത്.
പാലത്തിലൂടെ ഗതാഗതം സാധ്യമായതോടെ യാത്രക്കാർ ആശ്വാസത്തിലായി. നിലവിലെ പാലത്തോട് ചേർന്ന് പുതിയ പാലത്തിന്റെ റീട്ടെയ്നിങ് വാള്‍ നിർമിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ട റോഡാണ് ഒരു മാസത്തിനകം ഗതാഗതയോഗ്യമായത്. ഒരു മാസത്തേക്കാണ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചിരുന്നത്. 27 ദിവസംകൊണ്ട് നിർമാണം പൂർത്തിയാക്കി കരാർ കമ്ബനി ഗതാഗതത്തിന് തുറന്നു കൊടുക്കുകയായിരുന്നു.
പാലത്തിന്റെ ഭാഗമായി റീട്ടെയ്നിങ് വാളിന്റെ നിർമാണം പൂർത്തിയായി. എട്ട് മീറ്റർ ആഴത്തിലും 30 മീറ്റർ നീളത്തിലുമാണ് റീട്ടെയ്നിങ് വാള്‍ നിർമിച്ചിരിക്കുന്നത്. പാലം നിർമാണം അവസാന ഘട്ടത്തിലാണ്. ഫെബ്രുവരിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. നബാർഡ് സഹായത്തോടെ 29.3 കോടി ചെലവിലാണ് നിർമാണം. ഏഴര മീറ്റർ വീതിയില്‍ രണ്ടുവരിപ്പാതയും ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയുമുണ്ടാകും. പൊന്നാനിയെ ആല്‍ത്തറ-ഗുരുവായൂർ റോഡുമായി ബന്ധിപ്പിക്കുന്നതാണ് പാലം. പാലം തുറന്ന് നല്‍കിയതോടെ ഒരു മാസത്തോളമായി കിലോമീറ്ററുകള്‍ ചുറ്റിയുള്ള യാത്രക്ക് പരിഹാരമായി.