Fincat

സംസ്ഥാനത്ത് ഇന്നും മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ കനത്ത മഴയായിരുന്നു പെയ്തത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും. കാട്ടാക്കടയിലും കനത്തമഴ ജനജീവിതം ദുസഹമാക്കി. ശക്തമായ മഴയില്‍ ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡില്‍ വാകമരം കടപുഴകി റോഡില്‍ വീണു. ഇലക്‌ട്രിക് ലൈനിലും സമീപത്തെ കടയുടെ മുകളിലേക്കുമാണ് മരം വീണത്. ഇതുവഴി കടന്നുപോയ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റിരുന്നു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി  ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

2nd paragraph

എറണാകുളത്ത് മഴയില്‍ കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. രാത്രി എട്ടരയോടെയാണ് മതില്‍ ഇടിഞ്ഞ് വീണത്. 10 മീറ്ററോളം മതില്‍ ഇടിഞ്ഞു വീണു. ആളപായമില്ല.

ഇടുക്കിയില്‍ ശക്തമായി പെയ്ത മഴയില്‍ വണ്ണപ്പുറത്ത് രണ്ട് പേർ ഒഴുക്കില്‍ പെട്ടിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. ഓമനയാണ് മരിച്ചത്. ദിവാകരനെ നാട്ടുകാർ രക്ഷപെടുത്തി. തോട് മുറിച്ച്‌ കടക്കുന്നതിനിടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ തോട്ടിലെ വെള്ളം ഉയർന്നിരുന്നു.