പൂജയിലൂടെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാമെന്ന് കരുതി, മൃതദേഹത്തിനൊപ്പം മകന്‍ ജീവിച്ചത് മൂന്ന് മാസം

അസം, ഗുവാഹത്തി സ്വദേശിയായ ജയ്ദീപ് ദേവിന്‍റെ അമ്മ പൂർണിമാ ദേവ് മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് മരിച്ചതാണ്. എന്നാല്‍, അമ്മയുടെ ശവസംസ്കാരം നടത്താതെ മകന്‍, മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് മാസത്തോളം.ഇതിനിടെ അമ്മ മരിച്ചില്ലില്ലെന്ന് ഭാവിച്ച ഇയാള്‍, എല്ലാ ദിവസവും അമ്മയ്ക്കായ് ഭക്ഷണം കൊണ്ടുവന്നു. അമ്മയുടെ പെന്‍ഷന്‍ പിന്‍വലിക്കാനും ഇതിനിടെ ഇയാള്‍ പലതവണ ബാങ്കിലെത്തി. ഒടുവില്‍ സംശയം തോന്നിയ അയല്‍വാസികള്‍ ജയ്ദീപിനെ പിടിച്ച്‌ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ അറിഞ്ഞത്. ഇതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഗുവാഹത്തി, ജ്യോതികുച്ചി സ്വദേശികളാണ് ജയ്ദീപിന്‍റെ അച്ഛനും അമ്മയും. റിട്ടയേർഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിന്‍റെ മരണശേഷം പൂർണിമ, ജയ്ദീപിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അയല്‍വാസികളുമായി പൂർണിമയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ആഴ്ചകളായി അവരെ പുറത്തേക്ക് കാണാതിരുന്നതും മിക്കവാറും സമയം വീട് പൂട്ടിക്കിടന്നതും വീടിന് ചുറ്റും മാലിന്യമടിഞ്ഞ് കൂടിയതും അയല്‍വാസികളില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. വീടും പരിസരവും വൃത്തിയാക്കാന്‍ അയല്‍വാസികള്‍ ജയ്ദീപിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിരസിച്ചു. അമ്മയേ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അമ്മ മരിച്ചെന്നായിരുന്നു ഇയാള്‍ അയല്‍വാസികളെ അറിയച്ചത്. ഇതോടെയാണ് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചത്.

പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പൂർണിമ ദേവിന്‍റെ മൃതദേഹം കിടക്കയില്‍ അഴുകിയ നിലയിലായിരുന്നു. മൂന്ന് മാസം പഴക്കമുള്ള അസ്ഥികൂടത്തിന് സമീപത്ത് നിന്നും ശിവന്‍റെ ചിത്രം, ദർഭ പുല്ല്, വിളക്ക്, ഭക്ഷണ വഴിപാടുകള്‍ എന്നിവയുള്‍പ്പെടെ മതപരമായ നിരവധി വസ്തുക്കള്‍ കണ്ടെത്തി. “ഓം നമഃ ശിവായ” എന്ന മന്ത്രം ദിവസവും ജപിക്കാറുണ്ടെന്നും ജയ്ദീപ് പോലീസിനോട് വെളിപ്പെടുത്തി. മൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതിലൂടെ തന്‍റെ അമ്മയെ പുനരുജ്ജീവിപ്പിക്കാനോ എന്നെന്നേക്കുമായി ജീവിക്കാനോ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരിക്കാമെന്നാണ് പോലീസും പറയുന്നത്.