റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം, പണയം വെക്കാൻ ഇത് ബെസ്റ്റ് ടൈം, ഗോള്‍ഡ് ലോണ്‍ എടുക്കുന്നവര്‍ അറിയേണ്ടത്

സ്വർണവില റെക്കോർഡ് കടന്ന് മുന്നേറുകയാണ്. 59000 ത്തിലേക്ക് സ്വർണവില എത്തുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58360 രൂപയാണ്. സ്വർണവില വർദ്ധനവ് ഗുണം ചെയ്യുക വില്‍ക്കുന്നവരെയും പണയം വെക്കുന്നവരെയും ആണ്. അതായത് ഗോള്‍ഡ് ലോണ്‍ എടുക്കുന്നവരെ. അപ്രതീക്ഷിത സാമ്ബത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ജനപ്രിയ വായ്പാ മാർഗമാണ് ഇന്ന് സ്വർണ വായ്പ. വില കൂടുന്നത് അനുസരിച്ച്‌ സ്വർണ വായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും എന്നറിയാം.

സ്വർണ്ണ വില സ്വർണ്ണ വായ്പകളെ നേരിട്ട് സ്വാധീനിക്കുന്നു. സ്വര്‍ണവില വര്‍ധിക്കുന്നതാണ് സ്വര്‍ണ വായ്പക്ക് അനുകൂലമാകുന്ന പ്രധാന ഘടകം. സ്വർണവിലയിലെ വർധനവ് സ്വർണ വായ്പ എടുക്കുന്നവർക്ക് ഉയർന്ന വായ്പാ തുക ലഭിക്കാൻ ഇടയാക്കുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു.ഇത് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കുന്നതിന് ഇടയാക്കി. സ്വര്‍ണവിലയില്‍ ഇടിവുണ്ടായാലും അത് വഴി വായ്പ തിരിച്ചടവ് മുടങ്ങി, കിട്ടാക്കടമാകാതിരിക്കാനുള്ള നടപടി ഉറപ്പാക്കുന്നതില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

നിലവിലെ ഉയർന്ന സ്വർണ്ണനിരക്കില്‍, ലോണ്‍-ടു-വാല്യൂ അനുപാതം വായ്പ എടുക്കുന്നവർക്ക് കൂടുതല്‍ അനുകൂലമാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആർബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ 75% വരെ സ്വർണ്ണ വായ്പ നല്‍കുന്നതിന് സാധിക്കും. വിപണിയില്‍ സ്വർണത്തിന്റെ മൂല്യം കൂടുന്തോറും സ്വർണം ഈടായി സൂക്ഷിക്കുന്നതിലൂടെ കൂടുതല്‍ വായ്പയെടുക്കാൻ കഴിയും, സ്വർണവായ്പകള്‍ ഉടനടിയുള്ള സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ആകർഷകമായ വഴിയായി മാറുന്നതിന് ഈ ഘടകം സഹായിക്കുന്നു.

ഇന്ത്യയിലെ മൊത്തത്തിലുള്ള സ്വർണ്ണ വായ്പാ വിപണി 18 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ്. 2023 മുതല്‍ 2028 വരെ 6.80% വളർച്ച ഈ മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷ .ഏകദേശം 27,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. അതില്‍ ഏകദേശം 5,300 ടണ്‍ വായ്പ എടുക്കുന്നതിനായി പണയം വെച്ചിട്ടുണ്ട്.