പാലക്കാട് മലമ്ബുഴയില്‍ ഉരുള്‍പ്പൊട്ടല്‍ സംശയം, കല്ലമ്ബുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു
പാലക്കാട് : പാലക്കാട് മലമ്ബുഴയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയം. ആനക്കല്‍ വനമേഖലയ്ക്ക് സമീപത്താണ് ഉരുള്‍പൊട്ടിയെന്ന് സംശയിക്കുന്നത്.കല്ലമ്ബുഴയില്‍ ജലനിരപ്പ് ഉയർന്നു. നിലവില്‍ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. 2 മണിക്കൂറോളം നിർത്താതെ മഴ പെയ്തു. ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. മഴ വെളളപ്പാച്ചിലില്‍ ആളുകള്‍ കുടുങ്ങിയതായി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.
ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.