ആയിരക്കണക്കിന് കിൻ്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടി, ഒന്നിലേറെ കുട്ടികളെ ജനിപ്പിച്ചാല്‍ സമ്മാനമായി ലക്ഷങ്ങള്‍ പാരിതോഷികം
ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും മൂലം ചൈന വൻ പ്രതിസന്ധിയില്‍. കുട്ടികള്‍ ഇല്ലാതായതോടെ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകള്‍ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ട്.
ജനന നിരക്ക് ഗണ്യമായി കുറഞ്ഞതാണ് രാജ്യത്ത് കിൻ്റർഗാർട്ടനുകള്‍ വ്യാപകമായി അടച്ചുപൂട്ടുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. ചൈനയില്‍ തുടർച്ചയായ രണ്ടാം വർഷമാണ് ജനനനിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 2023 -ല്‍ ചൈനയിലുടനീളമായി 274,400 കിൻ്റർഗാർട്ടനുകളുണ്ടായിരുന്നത്. 2022 -ല്‍ ഇത് 289,200 ആയിരുന്നു.
കിൻ്റർഗാർട്ടനുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2023 -ല്‍ പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന് 40.9 ദശലക്ഷം കുട്ടികളാണുണ്ടായിരുന്നത്. ഗവണ്‍മെൻ്റിന്റെ കണക്കുകള്‍ പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിലധികം കുറവാണ് ഇതില്‍ കാണിക്കുന്നത്. 2022 -ല്‍ കിൻ്റർഗാർട്ടനുകളുടെ എണ്ണം 1.9ശതമാനം കുറഞ്ഞപ്പോള്‍ കിൻ്റർഗാർട്ടനുകളില്‍ ചേർന്ന കുട്ടികളുടെ എണ്ണം 3.7ശതമാനം കുറഞ്ഞു. പല കിന്റർഗാർട്ടനുകളും പ്രായമായവരെ നോക്കുന്ന സംരക്ഷണകേന്ദ്രങ്ങളായി പരിണമിച്ചു.
ഒരു വർഷത്തിനിടെ ചൈനയില്‍ പതിനാലായിരത്തിലധികം കിന്റർഗാർട്ടനുകളാണ് അടച്ചുപൂട്ടിയത്. ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും അധികൃതരില്‍ വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന പെൻഷനും വയോജന പരിപാലന ചെലവുകളും കണക്കിലെടുത്ത്, ചൈന കഴിഞ്ഞ മാസം വിരമിക്കല്‍ പ്രായം ഉയർത്തി, പുരുഷന്മാരുടെ വിരമിക്കല്‍ പ്രായം 60 ല്‍ നിന്ന് 63 ആയും സ്ത്രീ ഓഫീസ് ജീവനക്കാരുടെ 55 ല്‍ നിന്ന് 58 ആയും വർദ്ധിപ്പിച്ചു.
പിന്നാലെ, ജനനനിരക്ക് കൂട്ടുന്നതിന് വേണ്ടിയും, ദമ്ബതികളെ കുഞ്ഞുങ്ങള്‍ വേണമെന്ന തീരുമാനം എടുപ്പിക്കുന്നതിന് വേണ്ടിയും നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് സബ്‌സിഡികള്‍ വരെ വാഗ്ദാനം ചെയ്തിരുന്നു. തെക്കൻ ചൈനയിലെ ജനസാന്ദ്രതയുള്ള പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിലെ ഒരു ഗ്രാമം രണ്ടാമത്തെ കുഞ്ഞ് ജനിച്ചാല്‍ 10,000 യുവാൻ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, 1,18,248 ഇന്ത്യൻ രൂപക്ക് തുല്യമായ തുക. ഇവിടെ മൂന്നാമത്തെ കുഞ്ഞ് ജനിച്ചാല്‍ 30,000 യുവാനുമാണ് ബോണസായി വാഗ്ദാനമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
ഒപ്പം ജനസംഖ്യ കുറയുകയും പ്രായമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍, വിവാഹമോചനം കൂടുതല്‍ വെല്ലുവിളികളാക്കുന്നതിനൊപ്പം വിവാഹ നടപടിക്രമങ്ങള്‍ ലളിതമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. 2021-ലെ ദേശീയ ആരോഗ്യ കമ്മീഷൻ കണക്കുകള്‍ പ്രകാരം, ശിശുക്കളും കുട്ടികളുമുള്ള 30 ശതമാനത്തിലധികം കുടുംബങ്ങള്‍ക്ക് ശിശു സംരക്ഷണ സേവനങ്ങള്‍ ആവശ്യമാണ്, എന്നാല്‍ 5.5 ശതമാനം പേർക്ക് മാത്രമേ നഴ്സറികളിലേക്കോ പ്രീ-കിൻ്റർഗാർട്ടനുകളിലേക്കോ പ്രവേശനമുള്ളൂ.