ഷെയ്ഖ് ഹസീനയുടെ കൊട്ടാരം മ്യൂസിയമാക്കുന്നു; നിലകൊള്ളുക വിപ്ലവ സ്മാരക മന്ദിരമായി
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി മുതല്‍ മ്യൂസിയം. ഹസീനയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ വിപ്ലവത്തിനുള്ള ആദരവായി ഈ മന്ദിരം മാറുമെന്ന് ഇടക്കാല സർക്കാറിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഗണഭബൻ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ജനങ്ങളുടെ രോഷത്തിൻ്റെയും ദുർഭരണത്തിൻ്റെയും ഓർമകള്‍ നിലനിർത്താൻ മ്യൂസിയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 5നാണ് കൊട്ടാരം ഉപേക്ഷിച്ച് ഷെയ്ഖ് ഹസീന ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭകർ കൊട്ടാരം കീഴടക്കുകയും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്തിരുന്നു.
കൊട്ടാരത്തിൻ്റെ ചുമരുകള്‍ നിറയെ സർക്കാർവിരുദ്ധ എഴുത്തുകളാണ്. ആഗസ്റ്റ് അഞ്ചിലെ അതേ നിലയിലാണ് കൊട്ടാരമിപ്പോഴുള്ളത്. അത് അങ്ങനെ തന്നെ നിലനിർത്തുമെന്നാണ് മുഹമ്മദ് യൂനുസ് അറിയിച്ചത്.