17 കാരിയെ കാണാനില്ല, പരാതിക്ക് പിന്നാലെ കഠിനംകുളം പൊലീസിന്‍റെ അന്വേഷണം തിരൂര്‍ വരെ; മൂവര്‍ സംഘത്തിന് പിടിവീണു

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതി അടക്കമുള്ള സംഘം പിടിയില്‍. ചേരമാൻ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറയില്‍ നിന്നും 17 കാരിയെ കാണാതായത്. വീട്ടുകാർ കഠിനംകുളം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തിരൂരില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

വിശദവിവരങ്ങള്‍ ഇങ്ങനെ

കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നല്‍കിയ പരാതിയില്‍ കഠിനംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതായി തിരിച്ചറിഞ്ഞത്. പെരുമാതുറയില്‍ നിന്നും ചിറയിൻകീഴ് എത്തിച്ച പെണ്‍കുട്ടിയെ തിരൂരിലേയ്ക്ക് ട്രെയിനില്‍ കൊണ്ടുപോവുകയായിരുന്നു. ഇവർ ട്രെയിനില്‍ തിരൂർ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പൊലീസ്, തിരൂർ പൊലീസിന്റെ സഹായത്തോടെ തെരച്ചില്‍ ആരംഭിച്ചു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനില്‍ വരുന്ന വഴിക്കാണ് കഠിനംകുളം പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തട്ടിക്കൊണ്ടു പോകലിനടക്കം പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി മുമ്ബ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടർന്ന് പ്രതികള്‍ക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.