18 മാസം, 30 ലക്ഷം യാത്രക്കാര്‍, കേന്ദ്രം പോലും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നു; വിജയഗാഥ രചിച്ച് വാട്ടര്‍ മെട്രോ
കൊച്ചി: കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഒന്നരവർഷം പൂർത്തിയാകുമ്ബോള്‍ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടെന്ന് മന്ത്രി പി.രാജീവ്. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികള്‍ക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വർധിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതല്‍ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും സാധിച്ചു. 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ ഇപ്പോള്‍ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോയിലേക്ക് വരുന്ന വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുന്നു.
പരിസ്ഥിതി സൗഹൃദവും അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്നതുമായ കേരള മോഡല്‍ യൂണിയൻ ഗവണ്മെൻ്റ് പോലും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിൻ്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. എത്രയും പെട്ടെന്നുതന്നെ കൂടുതല്‍ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളില്‍ കൂടി ബോട്ടുകള്‍ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.